KeralaNEWS

പറവൂരില്‍ സഹോദര പുത്രന്‍ വീട് തകര്‍ത്ത് ഇറക്കിവിട്ട ലീലയ്ക്ക് ആശ്വാസം; കുടുംബ സ്വത്തായ 7 സെന്‍റ് സ്ഥലം സഹോദരങ്ങള്‍ ലീലയ്ക്ക് എഴുതി നല്‍കി, വയ്ക്കാനും സഹായം

കൊച്ചി: കൊച്ചി പറവൂരിൽ സഹോദര പുത്രൻ വീട് തകർത്ത് ഇറക്കിവിട്ട ലീലയ്ക്ക് ആശ്വാസം. കുടുംബ സ്വത്തായ 7 സെൻറ് സ്ഥലം സഹോദരങ്ങൾ ലീലയ്ക്ക് എഴുതി നൽകി. പുതിയ വീട് വയ്ക്കാൻ പലരും ലീലയ്ക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. സഹോദര പുത്രൻ വീട് തകർത്ത് ഇറക്കിവിട്ട ലീലയ്ക്ക് പലരിൽ നിന്നായി സാമ്പത്തിക സഹായം ലഭിച്ചിരുന്നു. എന്നാൽ, സ്വന്തമായി സ്ഥലമില്ലാത്തതായിരുന്നു പ്രശ്നം. ഒരേ ചോരയിൽ പിറന്നവർ തന്നെ ഒടുവിൽ ലീലയെ സഹായിച്ചു. സഹോദരൻമാർ കുടുംബസ്വത്തായ സ്ഥലം ലീലയുടെ പേരിലേക്ക് എഴുതി നൽകി. കേരള ലീഗൽ സർവീസ് സൊസൈറ്റി പ്രത്യേക അദാലത്തിലൂടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി. പെരുമ്പടന്ന സ്വദേശി ലീല താമസിച്ചിരുന്ന വീട് കഴിഞ്ഞയാഴ്ചയാണ് സഹോദരൻറെ മകൻ ജെസിബി ഉപയോഗിച്ച് പൊളിച്ചടുക്കിയത്.

ലീല ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ലീലയുടെ മൂത്ത ജ്യേഷ്ഠൻറെ മകൻ രമേശനാണ്, മണ്ണുമാന്തി യന്ത്രം കൊണ്ട് വീട് തകർത്തത്. അച്ഛൻറെ പേരിലുള്ള സ്ഥലത്തിൻറെ അവകാശി താനാണെന്നാണ് രമേശൻ പറയുന്നത്. ബാങ്ക് വായ്പ ജപ്തി ഘട്ടത്തിലായതോടെ വീട് ഇടിച്ച് നിരത്തി 22 സെൻറിൽ ഒരു വിഹിതം വിൽപന നടത്താനാണ് രമേശൻ പദ്ധതിയിട്ടത്. സ്വത്ത് അവകാശത്തെ ചൊല്ലി മറ്റ് ബന്ധുക്കളും തർക്കത്തിലായിരുന്നു.

Signature-ad

സംരക്ഷിക്കാമെന്ന ധാരണയിൽ വർഷങ്ങൾക്ക് മുമ്പാണ് ലീല വീട് സഹോദരൻ ശിവൻറെ പേരിലേക്ക് മാറ്റി നൽകിയത്. രണ്ട് വർഷം മുമ്പ് ശിവൻ മരിച്ചു. ഇതോടെ ഉടമസ്ഥാവകാശം മകൻ രമേശനായി. തുടർന്ന് ലീലയെ വീട്ടിൽ നിന്ന് പുറത്താക്കാൻ നിരന്തര ശ്രമങ്ങളുണ്ടായെന്നാണ് പരാതി. ഇതിനൊടുവിലാണ് വീട് ഇടിച്ചുനിരത്തുന്ന സംഭവം നടന്നത്.

Back to top button
error: