Fiction

രക്ഷകന്മാർ, മടുക്കുന്നതുവരെയല്ല, രക്ഷപ്പെടുത്തുന്നതുവരെ ഒപ്പം ഉണ്ടാകണം

വെളിച്ചം

  വലയിലകപ്പെട്ട ആ പൂച്ചയെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, ഉദ്യമത്തിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. അനാവശ്യകാര്യങ്ങളിൽ എന്തിന് ഇടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ നിന്ന ഒരു വൃദ്ധന്‍ അയാളോട് പറഞ്ഞു:

Signature-ad

“എത്ര തവണ ശ്രമിച്ചിട്ടാണെങ്കിലും ആ പൂച്ചയെ നിങ്ങള്‍ രക്ഷിക്കണം. അതിന് നിങ്ങളേയും ഭയമാണ്…”

അയാള്‍ പിന്നെയും ശ്രമിച്ചു. പലപ്രാവശ്യമായപ്പോള്‍ അയാള്‍ അപകടകാരിയല്ലെന്ന് പൂച്ചയ്ക്ക് മനസ്സിലായി. അടുത്തശ്രമത്തില്‍ അയാള്‍ പൂച്ചയെ രക്ഷിച്ചു.

അനുസരണക്കേട് കാട്ടുന്നവരെല്ലാം നീചരാകണമെന്നു നിര്‍ബന്ധമില്ല. അജ്ഞതയും നിസ്സാഹായതയും അതിന് കാരണമാകാം. ആഗ്രഹമുണ്ടായിട്ടും തിരുത്താൻ കഴിയാത്ത എത്രപേരുണ്ടാകും. രക്ഷാമാര്‍ഗ്ഗം കാണുമ്പോള്‍ തിരിച്ചുകയറാനുള്ള വിവേകവും ധൈര്യവും ഉണ്ടായിരുന്നെങ്കില്‍ അവര്‍ അവിടെ അകപ്പെടുകയോ, അകപ്പെട്ടിടത്ത് തുടരുകയോ ഇല്ലായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാനദണണ്ഢങ്ങളുണ്ടാകരുത്. രക്ഷകനായാല്‍ മടുക്കുന്നതുവരെയല്ല, രക്ഷപ്പെടുത്തുന്നതുവരെ അവരോടൊപ്പം തന്നെയുണ്ടാകണം.
അര്‍ഹിക്കുന്ന അനുകമ്പയോടെ കൂടെനില്‍ക്കാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തീരം കണ്ടെത്തുമായിരുന്ന ഒട്ടേറെ ജീവിതനൗകകള്‍ ഇപ്പോഴും നടുക്കിടയില്‍ അലയുന്നുണ്ടാകും. ആ ഒരാളാകാന്‍ നമുക്ക് ശ്രമിക്കാം. ശുഭദിനം.

സൂര്യനാരായണൻ

ചിത്രം: നിപുകുമാർ

Back to top button
error: