IndiaNEWS

യുവതിയെ സഹോദരന്മാരും ഭർത്താവും ചേർന്ന് കൊന്നു കുഴിച്ചുമൂടി, പ്രതികൾ പിടിയിലായത് 3 വർഷങ്ങൾക്ക് ശേഷം

    മംഗ്ളുറു: ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കാൻ കോളജിൽ ചേർന്ന യുവതി കൊല്ലപ്പെട്ട കേസിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം പ്രതികൾ അറസ്റ്റിലായി. 2020 ജനുവരിയിൽ സവദത്തി താലൂക്കിലെ ഹിറെബുധനൂരു ഗ്രാമത്തിൽ ശിവലീല വിട്ടള ബൻഗി (32) കൊല്ലപ്പെട്ട കേസിൽ ഭർത്താവും കൂട്ടാളികളുമാണ് അറസ്റ്റിലായത്.

ഭർത്താവ് വിട്ടൽ ലക്ഷ്മണ ബൻഗി, യുവതിയുടെ സഹോദരങ്ങളായ ലക്കപ്പ കമ്പളി, സിദ്ധഗൗഡ കമ്പളി, ബസവരാജ് കബ്ബുറെ, ലക്ഷ്മണയുടെ സുഹൃത്ത് അശോക് മൊകശി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

കോളജിൽ പോവുന്നതിന് പിന്നിൽ സ്വഭാവദൂഷ്യം ആരോപിച്ച് ഭർത്താവും യുവതിയുടെ സഹോദരങ്ങളും ചേർന്ന് കൊല്ലുകയായിരുന്നുവത്രേ. മൃതദേഹം കാറിൽ കയറ്റി വനമേഖലയിൽ കൊണ്ടുപോയി കുഴിച്ചിട്ടു. എല്ലാവരും പതിവ് ജീവിതം നയിക്കുകയും ചെയ്തു. ആളുകൾ യുവതിയെ ക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതോടെ സഹോദരൻ ലക്കപ്പ സഹോദരിയെ കാണാനില്ലെന്ന പരാതി നൽകി.

അതോടെ അവസാനിച്ച അന്വേഷണം യുവതിയെ കൊന്നതാണെന്ന ഊഹാപോഹം പ്രചരിച്ചതോടെ പൊലീസ് മൂന്ന് വർഷങ്ങൾക്ക് ശേഷം അന്വേഷണം പുനരാരംഭിച്ചു. ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ലഭിച്ചത്. ഒടുവിൽ സഹോദരൻ ലക്കപ്പയെ കസ്റ്റഡിയിലെടുത്ത് ലോക്കപ്പിൽ ചോദ്യം ചെയ്തപ്പോൾ ഗത്യന്തരമില്ലാതെ കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തി. പ്രതികളുമായി വനത്തിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് ഫോറൻസിക് പരിശോധനക്കയച്ചു.

Back to top button
error: