ലഖ്നൗ: വീട്ടില്‍ക്കയറി അക്രമം അഴിച്ചുവിട്ട യുവാക്കള്‍ സ്വന്തം മുത്തച്ഛനെയും അച്ഛന്റെ ലിവ് ഇന്‍ പങ്കാളിയെയും കുത്തിക്കൊന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ അംറോദയിലാണ് ദാരുണമായ സംഭവം. കേസില്‍ പ്രതികളായ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു.
അംറോദ സ്വദേശിയായ വിമലി(63)നെയാണ് മക്കളായ ലളിതും (42) അക്ഷതും (38) ആക്രമിച്ചത്. വിമലിനൊപ്പം താമസിച്ചിരുന്ന പങ്കാളി ഖുശ്ബു (30) വിമലിന്റെ അച്ഛന്‍ രാംപ്രകാശ് ദ്വിവേദി (83) എന്നിവരെയും ഇവര്‍ ക്രൂരമായി കുത്തിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രാംപ്രകാശും ഖുശ്ബുവും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.
അച്ഛന്‍ 30 വയസ്സുകാരിക്കൊപ്പം താമസിക്കുന്നതാണ് പ്രതികളായ രണ്ടുമക്കളെയും പ്രകോപിപ്പിച്ചത്. ഇതേച്ചൊല്ലി ഇവരുടെ കുടുംബത്തില്‍ ഏറെനാളായി പ്രശ്നങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ അംറോദയിലെ വിമലിന്റെ വീട്ടിലെത്തിയ പ്രതികള്‍ വീട്ടിലുണ്ടായിരുന്ന അച്ഛനെയും മുത്തച്ഛനെയും അച്ഛന്റെ പങ്കാളിയെയും മര്‍ദിക്കുകയായിരുന്നു. പിന്നാലെ മുത്തച്ഛനെയും അച്ഛന്റെ പങ്കാളിയെയും കുത്തിപരിക്കേല്‍പ്പിച്ചു. ആക്രമണത്തിനിടെ കുത്തേറ്റ വിമല്‍ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ ഇദ്ദേഹത്തെ കാണുകയും വിമലിന്റെ സഹോദരനെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിമലിനെ ഇവരെല്ലാംചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കാന്‍പുരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള വിമലിന്റെ നില അതീവഗുരുതരമാണെന്നാണ് വിവരം.
അതിനിടെ, കൃത്യം നടത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടുപ്രതികളെയും പോലീസ് പിടികൂടി. അച്ഛന്‍ ഖുശ്ബുവിനൊപ്പം താമസിക്കുന്നതാണ് ആക്രമണത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പ്രതികളുടെ മൊഴി. മുത്തച്ഛനെയും ഖുശ്ബുവിനെയും കൊലപ്പെടുത്തിയത് തങ്ങളാണെന്നും യുവാക്കള്‍ പോലീസിനോട് സമ്മതിച്ചു.