കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതിയെ മറികടന്ന് സിപിഎമ്മിന്റെ രണ്ട് ഉപസമിതികള്‍ ഉന്നത പാര്‍ട്ടി നേതാക്കളുടെ ഒത്താശയോടെ ഇടപെട്ടെന്നും ഇതുമൂലം ബാങ്കിനു 344 കോടി രൂപയുടെ ബാധ്യതയുണ്ടായെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പറയുന്നു. സ്വത്ത് കണ്ടുകെട്ടല്‍ സംബന്ധിച്ച് ഇ.ഡി ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
നേതാക്കളുടെ ശുപാര്‍ശയില്‍ നല്‍കിയ 188 കോടി രൂപയുടെ ബെനാമി വായ്പകളാണ് ബാങ്കിന്റെ കിട്ടാക്കടം 344 കോടിയാക്കിയത്. വ്യാജരേഖകളും മൂല്യം പെരുപ്പിച്ചുകാട്ടിയുള്ള ഈടും സ്വീകരിച്ചായിരുന്നു ഈ വായ്പകള്‍. ഈ വായ്പകള്‍ക്ക് ബാങ്ക് ഭരണസമിതിയുടെ അറിവോ അനുവാദമോ ഇല്ലായിരുന്നുവെന്നും പറയുന്നു.
മുന്‍മന്ത്രി എ.സി.മൊയ്തീന്‍, കേസിലെ മൂന്നാം പ്രതിയും സിപിഎമ്മിന്റെ വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആര്‍.അരവിന്ദാക്ഷന്‍, ഒന്നാം പ്രതിയും സ്വകാര്യ പണമിടപാടുകാരനുമായ പി.സതീഷ്‌കുമാര്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ ഡിജിറ്റല്‍, പേപ്പര്‍ രേഖകളും സാക്ഷിമൊഴികളും ഇ.ഡി ഉത്തരവിനൊപ്പം കേസ് ഫയലിന്റെ ഭാഗമായുണ്ട്.
ബാങ്കില്‍ പലര്‍ക്കും വ്യാജ അംഗത്വം നല്‍കി ബെനാമി വായ്പകള്‍ ലഭ്യമാക്കാനായി സിപിഎമ്മിനു രാഷ്ട്രീയകാര്യ, പാര്‍ലമെന്ററികാര്യ ഉപസമിതികള്‍ ഉണ്ടായിരുന്നതായി ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്‍.സുനില്‍കുമാര്‍, മുന്‍ മാനേജര്‍ എം.കെ.ബിജു എന്നിവര്‍ നല്‍കിയ മൊഴികളുടെ പകര്‍പ്പും ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. ക്രമവിരുദ്ധമായി ഇടപെട്ട ഈ സമിതികളുടെ യോഗങ്ങള്‍ക്കു പ്രത്യേകം മിനിറ്റ്‌സ് ബുക്ക് സൂക്ഷിച്ചിരുന്നു.