കൊച്ചി: ദേശീയ നേതൃത്വം എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതിനു പിന്നാലെ രൂപപ്പെട്ട പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് ജെഡിഎസ് സംസ്ഥാന സമിതി ചേരും. കേരളത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ഒരു പാര്‍ട്ടിയുമായും ലയനത്തിനില്ലെന്നും ജെഡിഎസ് നേതാവും മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പാര്‍ട്ടി നേതാവ് ദേവെഗൗഡയെ ബെംഗളൂരുവില്‍ ചെന്നു കണ്ട് തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ന് എറണാകുളത്ത് ചേരുന്ന ജെഡിഎസ് സംസ്ഥാന നേതൃയോഗം അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം, ജെഡിഎസ് എല്‍ഡിഎഫില്‍ തുടരുന്നതില്‍ പ്രതിപക്ഷം ശക്തമായ വിമര്‍ശനവുമായി രംഗത്തുണ്ട്. ബിജെപിയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ ബന്ധമാണ് ഒരു എന്‍ഡിഎ സഖ്യകക്ഷി എല്‍ഡിഎഫില്‍ തുടരുന്നതിനെ സഹായിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറയുകയുണ്ടായി. സിപിഎമ്മിനകത്തു നിന്നും ജെഡിഎസ്സിനുമേല്‍ സമ്മര്‍ദ്ദമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു എന്‍ഡിഎ സഖ്യകക്ഷി എല്‍ഡിഎഫില്‍ തുടരുന്നത് ദോഷം ചെയ്യുമെന്നതാണ് കാര്യം. എത്രയുംവേഗം നിലപാട് രൂപീകരിക്കാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
2006ല്‍ ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്നപ്പോള്‍ സംസ്ഥാനത്തെ ഘടകം എല്‍ഡിഎഫില്‍ തുടര്‍ന്നിരുന്നു. ഇതാണ് ജെഡിഎസ്സിലെ ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 2006ലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നാണ് സിപിഎം നിലപാട്. ബിജെപിക്കെതിരായ ഇന്ത്യാ സഖ്യത്തിന്റെയും ഭാഗമാണ് സിപിഎം. ദേശീയതലത്തില്‍ തന്നെ ജെഡിഎസ് എല്‍ഡിഎഫില്‍ തുടരുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമാകും.
ഏതെങ്കിലും പാര്‍ട്ടികളില്‍ ലയിക്കുകയെന്നതാണ് ജെഡിഎസ്സിനു മുന്നിലുള്ള പോംവഴികളിലൊന്ന്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയില്‍ ലയിക്കണമെന്ന താല്‍പ്പര്യമാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ശ്രേംയാംസ് കുമാറിന്റെ എല്‍ജെഡി ആര്‍ജെഡിയിലേക്ക് ലയിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ജെഡിഎസ്സിന് ഗുണകരമാകില്ല. നിതീഷ് കുമാറിന്റെ ജെഡിയുവുമായി ചേരുക എന്ന അഭിപ്രായം മറ്റുചില നേതാക്കള്‍ക്കുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ നിലവില്‍ നിതീഷ് താരമാണ്. 2024 തിരഞ്ഞെടുപ്പിന്റെ അജണ്ട തീരുമാനിച്ച ബിഹാര്‍ ജാതി സെന്‍സസ് ചര്‍ച്ചയായ സാഹചര്യവുമുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷിനെ ഉയര്‍ത്തിക്കാട്ടണമെന്ന് ജെഡിയു നേതാക്കള്‍ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്.
എന്നാല്‍, നിതീഷ് ഇടക്കിടെ നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നത് ജെഡിഎസ്സിന് ദോഷകരമാകുമെന്ന നിലപാടുള്ളവരും പാര്‍ട്ടിക്കുള്ളിലുണ്ട്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയിലേക്ക് പോകുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ട്. ഈ കക്ഷിയാണെങ്കില്‍ ഒരു ഘട്ടത്തിലും ബിജെപിയുടെ ഭാഗമായിട്ടില്ല.