എറണാകുളം: ഭർത്താവ് എടുത്ത ലോൺ രണ്ടരമാസം കുടിശികയായതിൻറെ പേരിൽ ബാങ്ക് മാനേജർ നിരന്തരം അപമാനിക്കുന്നുവെന്ന് വീട്ടമ്മ. ഉപജീനത്തിനായി നടത്തുന്ന കടയിൽ വന്ന് എല്ലാവരും കേൾക്കെ ശകാരിച്ചു. പിന്നാലെ എസ് ബി അക്കൗണ്ടും മരവിപ്പിച്ചു. യൂണിയൻ ബാങ്ക് എറണാകുളം കരുമാലൂർ ശാഖ മാനേജർക്കെതിരെയാണ് തിരുവല്ലൂർ സ്വദേശിയായ സുനിതയുടെ പരാതി.
പണി ഇനിയും പൂർത്തിയായിട്ടില്ലാത്ത വീടു പണിയാൻ 7,25,000 രൂപയാണ് സുനിതയുടെ ഭർത്താവ് അനിൽകുമാർ യൂണിയൻ ബാങ്ക് എറണാകുളം കരുമാലൂർ ശാഖയിൽ നിന്ന് എടുത്തത്. അടുത്തിടെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അനിൽകുമാറും സുനിതയും വേർ പിരിഞ്ഞു. ഇതോടെ പ്ലസ് ടു, പ്ലസ് വൺ വിദ്യാർത്ഥിനികളായ രണ്ട് മക്കളുടെ സംരക്ഷണം അമ്മ സുനിതയുടെ ചുമലിലായി. കച്ചവടവുമായി ചെറിയ രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിഞ്ഞ രണ്ടര മാസമായി ലോൺ തിരിച്ചടവ് മുടങ്ങി.
സുനിതയുടേയും അനിൽ കുമാറിൻറേയും പേരിലാണ് ഭൂമിയെന്നതിനാൽ ബാങ്ക് മാനേജർ കടയിലെത്തി അപമാനിക്കാൻ തുടങ്ങി. എന്നാൽ ശകാരിച്ചിട്ടില്ല, കടയിൽപ്പോയി ലോൺ അടക്കണമെന്ന് സ്നേഹത്തോടെ പറയുക മാത്രമാണ് ചെയ്തതെന്നാണ് ബാങ്ക് മാനേജരുടെ വിശദീകരണം. ബാങ്ക് മാനേജരുടെ സ്നേഹത്തോടെയുള്ള പറച്ചിൽ എന്താണെന്ന് അത് കേട്ടവർ പറയുന്നത് ഇങ്ങനെയാണ്, സുനിതയോട് അൽപം പോലും മര്യാദയില്ലാത്തതായിരുന്നു പെരുമാറ്റം. ലോൺ എടുത്ത് അടയ്ക്കാൻ പറ്റുന്നില്ലെങ്കിൽ എന്തിനാണ് ലോൺ എടുക്കുന്നതെല്ലാം ചോദിച്ച് അപമാനിച്ചുവെന്ന് കടയിലുണ്ടായിരുന്നവർ പറയുന്നു.
ലോൺ കുടിശികയുടെ പേരിൽ എസ്ബി അക്കൗണ്ടു മരവിപ്പിച്ചതോടെ കടയിലെ ഗൂഗിൾ പേ ഇടപാടും നിലച്ചു. ഇതോടെ കച്ചവടവും പ്രതിസന്ധിയിലായി. രണ്ട് പെൺമക്കളെ പുലർത്താൻ പഠിക്കാൻ മിടുക്കികളായ അവരുടെ വിദ്യഭ്യാസം നല്ല നിലയിൽ കൊണ്ടുപോകാൻ ബാങ്കിൻറെയടക്കം എല്ലാവരുടേയും സഹായം തേടുകയാണ് സുനിത. കടം തിരിച്ചടക്കില്ലെന്നല്ല കുറച്ച് സാവകാശമാണ് ഈ അമ്മ ചോദിക്കുന്നത്.