തിരുവനന്തപുരം: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജില്ലാ അണ്‍എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന 13 കോടിയുടെ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരെ സമീപിച്ച് കെപിസിസി. രണ്ടുദിവസത്തിനകം പരിഹാരം കാണാമെന്നും അതുവരെ പരാതിയുമായി സര്‍ക്കാരിനെ സമീപിക്കരുതെന്നുമാണ് ആവശ്യം. പണം കിട്ടുമെങ്കില്‍ രണ്ടുദിവസം കാത്തിരിക്കാമെന്നാണു നിക്ഷേപകരുടെ നിലപാട്.
പണം തിരികെ തരണമെന്നാവശ്യപ്പെട്ടു ഞായറാഴ്ച നിക്ഷേപകര്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണു പ്രതിഷേധിച്ചത്. 300 നിക്ഷേപകര്‍ക്കായി 13 കോടി നഷ്ടമായെന്നാണു പരാതി. സൊസൈറ്റി പ്രസിഡന്റ് എം.രാജേന്ദ്രന്‍ പണം മുഴുവന്‍ പിന്‍വലിച്ചെന്നും ശിവകുമാറിന്റെ ഉത്തരവാദിത്തത്തിലാണു നിക്ഷേപം നടത്തിയതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഞായറാഴ്ച രാവിലെ മൂന്നു മണിക്കൂറിലധികം ശിവകുമാറിന്റെ വീടിനു മുന്നില്‍ പ്രതിഷേധമുണ്ടായി.
സൊസൈറ്റിയുമായി നേരിട്ടു ബന്ധമില്ലെന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്. 2006 ല്‍ ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ ഉദ്ഘാടനം നടത്തിയിട്ടുണ്ട്. ഉദ്ഘാടനം ചെയ്തവരുടെ വീട്ടില്‍ അല്ല പ്രതിഷേധിക്കേണ്ടത്. ആരോടും പണം നിക്ഷേപിക്കാന്‍ പറഞ്ഞിട്ടില്ല. ബാങ്ക് പ്രസിഡന്റ് രാജേന്ദ്രനുമായി ഇപ്പോള്‍ ബന്ധമില്ലെന്നുമായിരുന്നു ശിവകുമാര്‍ പറഞ്ഞത്.
സഹകരണ സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി.എസ്.ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധം