KeralaNEWS

സഹകരണ സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി.എസ്.ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധം

തിരുവനന്തപുരം: മുന്‍മന്ത്രി വി.എസ്.ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം. തിരുവനന്തപുരം ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവരാണ് ശാസ്തമംഗലത്തുള്ള ശിവകുമാറിന്റെ വീട്ടില്‍ പ്രതിഷേധിക്കുന്നത്. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

300 നിക്ഷേപകര്‍ക്കായി 13 കോടി നഷ്ടമുണ്ടായെന്നാണ് പരാതി. ശിവകുമാറിന്റെ ബിനാമിയായ രാജേന്ദ്രനാണ് ബാങ്കിന്റെ പ്രസിഡന്റെന്ന് നിക്ഷേപര്‍ ആരോപിക്കുന്നു. 2002ല്‍ ശിവകുമാറാണ് സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. നിക്ഷേപത്തിന് രണ്ടുവര്‍ഷമായി പലിശ പോലും ലഭിക്കുന്നില്ലെന്നും സൊസൈറ്റിയുടെ പ്രസിഡന്റ് പണം മുഴുവന്‍ പിന്‍വലിച്ചുവെന്നും നിക്ഷേപകര്‍ പറയുന്നു.

Signature-ad

ബാങ്കിന് മൂന്നു ശാഖകളാണു ഉണ്ടായിരുന്നത്. കിള്ളിപ്പാലത്തെ പ്രധാനശാഖ വാടക നല്‍കാത്തതിനെ കൊണ്ട് അടച്ചുപൂട്ടി. സംഭവത്തില്‍ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും പരാതി നല്‍കുമെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി. അതേസമയം, പണം നിക്ഷേപിക്കാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും നിക്ഷേപകരുടെ പരാതിയില്‍ അന്വേഷണം വേണമെന്നും ശിവകുമാര്‍ പ്രതികരിച്ചു.

സഹകരണ മേഖലയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധത്തിനൊരുങ്ങുമ്പോഴാണ് കോണ്‍ഗ്രസ് മുന്‍മന്ത്രിയുടെ വീട്ടില്‍ പ്രതിഷേധം അരങ്ങേറുന്നത്. കൊച്ചിയില്‍ സഹകരണ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.

ഇതുള്‍പ്പെടെയുള്ള പ്രതിഷേധ, സമരപരിപാടികളുടെ ആലോചനയ്ക്കായി യുഡിഎഫിലെ സഹകാരി നേതാക്കളുടെ യോഗം വിളിച്ചു. നാലിനു തിരുവനന്തപുരത്താണു യോഗം. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും പങ്കെടുക്കുന്ന യോഗത്തില്‍ ഓരോ ഘടകകക്ഷിയുടെയും സഹകരണ മേഖലയില്‍നിന്നുള്ള രണ്ടുവീതം പ്രതിനിധികള്‍ പങ്കെടുക്കും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടര്‍സമരപരിപാടികളും തീരുമാനിക്കും.

 

Back to top button
error: