കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പള്ളിക്കുന്ന് വനിതാ കോളേജില്‍ സംഘര്‍ഷം. കെഎസ്‌യു വനിതാ പ്രവര്‍ത്തകരെ പുറത്തുനിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് പരാതി. തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥിനികള്‍ കോളേജിന് മുന്‍വശത്തുള്ള ദേശീയപാത ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് പ്രവര്‍ത്തകരെ ബലംപ്രയോഗിച്ചു മാറ്റി. സമരം ശക്തമാക്കിയ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനും ഉപരോധിച്ചു.
സ്റ്റേഷനു മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് ബലംപ്രയോഗിച്ചു മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസുമായി ഉന്തുംതള്ളുമുണ്ടായി. തങ്ങളെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാതെ പിന്‍തിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍. ഡിസിസി ഓഫീസില്‍നിന്നു കോണ്‍ഗ്രസ് നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്, ജില്ലാ പ്രസിഡന്റ്കെപി അതുല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ കോളേജില്‍ കെഎസ്‌യു ചെയര്‍പേഴ്സണ്‍ ചരിത്രവിജയം നേടിയതിന്റെ അസഹിഷ്ണുതയാണ് അക്രമത്തിന് കാരണമെന്ന് കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ കെപി അതുല്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് കുറ്റിയാട്ടൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായ തീര്‍ത്ഥ നാരായണനാണ് ഇവിടെനിന്നു ജയിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ പല ക്യാമ്പസുകളിലും കെഎസ്‌യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യവും ഇത്തവണയുണ്ടായി.
എസ്എഫ്‌ഐ എന്നത് വ്യാജന്മാരുടെയും തട്ടിപ്പുകാരുടെയും കൂടാരമാണെന്ന് ആരോപിച്ച കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പിലൂടെ എസ്എഫ്‌ഐയെ തൂത്തെറിഞ്ഞെന്നും പറഞ്ഞു. ക്യാംപസുകളില്‍ കെഎസ്‌യുവിന്റെ ശക്തമായ തിരിച്ചുവരവ് വിദ്യാര്‍ഥിപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് തെറ്റുകള്‍ക്കെതിരെ വിരല്‍ചൂണ്ടി സമരമുഖം തീര്‍ത്ത കെഎസ്‌യുവിനുള്ള വിദ്യാര്‍ഥികളുടെ അംഗീകാരമാണെന്നും ഷമ്മാസ് അഭിപ്രായപ്പെട്ടു.