തിരുവനന്തപുരം: യു.കെ (യുണൈറ്റഡ് കിംങ്ഡം)യിലെ വിവിധ എൻ.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബറിൽ മംഗളൂരുവിൽ നടക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് നഴ്സിങ് പ്രൊഫഷണലുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫെഷനലുകൾക്ക് സുതാര്യമായ തൊഴിൽ കുടിയേറ്റത്തിനുള്ള അവസരമാണ് ഈ ഡ്രൈവ് ലക്ഷ്യമിടുന്നത്. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 17, 18 ന് മംഗളൂരുവിലെ ഹോട്ടൽ-താജ് വിവാന്തയിൽ നടക്കും. ജനറൽ മെഡിക്കൽ & സർജിക്കൽ/ എമർജൻസി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രസ്തുത ഡിപ്പാർട്ടുമെന്റിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെന്റൽ ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷന് ശേഷം സൈക്കിയാട്രിക് വാർഡിൽ കുറഞ്ഞത് 6 മാസം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾ (OET/IELTS പരീക്ഷക്ക് തയ്യാറെടുക്കുന്നവർ) തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ OET ട്രൈനിങ്ങും പരീക്ഷാഫീസും NHS ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം അപേക്ഷിക്കുക.