പത്തനംതിട്ട: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി എ പി ജയനോട് വിശദീകരണം തേടാൻ പാർട്ടി തീരുമാനം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന്റെതാണ് തീരുമാനം. പാർട്ടി കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. എ പി ജയന്റെ ഘടകമായ സംസ്ഥാന കൗൺസിലിൽ റിപ്പോർട്ട് ആവശ്യപ്പെടും. ഇന്നാണ് സംസ്ഥാന കൗൺസിൽ ചേരുക. ജയനെതിരെ സിപിഐ വനിതാ നേതാവ് നൽകിയ പരാതി എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫിനെ നേതൃത്വത്തിലുള്ള കമ്മീഷൻ ആണ് അന്വേഷിച്ചത്.
അതേസമയം, മുഖ്യമന്ത്രിക്കും സർക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. സർക്കാരിന്റെ മുൻഗണന മാറ്റണമെന്നും സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.
മുമ്പ് പല മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിന് തയാറാകുന്നില്ലെന്നാണ്
എക്സിക്യൂട്ടീവിൽ ഉയർന്ന ചോദ്യം. പാർട്ടി ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. സർക്കാരിൽ ധൂർത്തെന്നും എക്സിക്യൂട്ടിവ് അംഗങ്ങൾ വിമർശിച്ചു.
സർക്കാരിന്റെ മുൻഗണന മാറ്റണാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉയര്‍ന്നൊരു പ്രധാന നിര്‍ദ്ദേശം. ഇപ്പോഴത്തെ മുൻഗണന ഇടത് സർക്കാരിന് ചേർന്നതല്ല. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം. അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐയിൽ വിമർശനമുണ്ടായി. സംസ്ഥാനത്തെ സഹകരണ തട്ടിപ്പിനെ കുറിച്ചു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനമുണ്ടായി. സഹകരണ മേഖലയിൽ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജന സദസ് നടത്തിയിട്ടും കാര്യമില്ലെന്നായിരുന്നു എക്സിക്യൂട്ടിവിൽ ഉയർന്ന വിമർശനം.