KeralaNEWS

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ജംഷഡ്പൂർ എഫ്സിയുമായി;ദിമിത്രിയോസ് തിരിച്ചെത്തുന്നു

കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023 – 2024 സീസണിന് ജയത്തോടെ തുടക്കം കുറിക്കാന്‍ സാധിച്ച സന്തോഷത്തിലും ആവേശത്തിലുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയും മഞ്ഞപ്പട ആരാധകരും.

 കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ ഉദ്ഘാടന മത്സരത്തില്‍ ചിര വൈരികളായ ബംഗളൂരു എഫ് സിക്ക് എതിരെയായിരുന്നു(2-1) കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ജയം.
ഒക്ടോബര്‍ ഒന്നിന് ജംഷഡ്പുര്‍ എഫ് സിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ അടുത്ത മത്സരം. മഞ്ഞപ്പടയുടെ തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി x ജംഷഡ്പുര്‍ എഫ് സി പോരാട്ടവും നടക്കുന്നത്.
ഇരമ്പിയാര്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ആരാധകരെ ആവേശത്തിലാക്കാന്‍ അടുത്ത മത്സരത്തില്‍ സൂപ്പര്‍ സെന്റര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമാൻറകോസ് ( Dimitrios Diamantakos) കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് ഒപ്പം എത്തും എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സെന്റര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമാന്റകോസ് തിരിച്ചെത്തുന്നതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയുടെ ആക്രമണത്തിന്റെ ശക്തി ഒന്നുകൂടി വര്‍ദ്ധിക്കും എന്നുറപ്പ്.
ബംഗളൂരു എഫ് സിക്ക് എതിരേ ഘാന സ്‌ട്രൈക്കര്‍ ഖ്വാമെ പെപ്ര, ഉറുഗ്വെന്‍ പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണ എന്നിവരായിരുന്നു ആക്രമണം നയിച്ചത്.ഇവർക്ക് പുറമേ വിംഗില്‍ ജാപ്പനീസ് താരം ഡൈസുകെ സകായ്, സെന്റര്‍ ഡിഫെന്‍സില്‍ മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിന്‍സിച്ച് എന്നിവരാണ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറങ്ങിയത് ദിമിത്രിയോസ് ഡയമാന്റകോസിന് പ്രീ സീസണില്‍ ഏറ്റ പരിക്കാണ് വിനയായത്. ഇതുവരെ പൂര്‍ണമായി മത്സരത്തിലേക്ക് എത്താന്‍ ദിമിത്രിയോസ് ഡമയാന്റകോസിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തില്‍ ടീമില്‍ ഉള്‍പ്പെട്ടാലും സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ദിമിത്രിയോസ് ഡയമാന്റകോസ് ഇറങ്ങാനുള്ള സാധ്യത കുറവാണ്.
പരിക്കേറ്റ് വിശ്രമത്തിലുള്ള ക്രൊയേഷ്യന്‍ സെന്റര്‍ ഡിഫെന്‍ഡര്‍ മാര്‍ക്കൊ ലെസ്‌കോവിച്ചും കൂടി തിരിച്ചെത്തിയാല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി പൂർണ്ണ കരുത്തില്‍ എത്തും എന്നതിൽ സംശയമില്ല.

Back to top button
error: