വർഷങ്ങൾക്കു ശേഷം അഴിമതിയുടെ സിമന്‍റും മണലും ചേര്‍ത്ത് നിര്‍മിച്ച പാലാരിവട്ടം പാലം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടപ്പോള്‍ ഉയര്‍ന്നുവന്നത് വർഷങ്ങൾ പഴക്കമുള്ള മറ്റൊരു പാലംകൂടിയാണ്. ചിരിയിലൂടെ ചിന്തിപ്പിച്ച ‘പഞ്ചവടിപ്പാലം!’ പാലാരിവട്ടം പാലത്തിന്റെ വാര്‍ത്തകള്‍ക്കൊപ്പം ആ സിനിമ ഒരിക്കല്‍കൂടി ഹിറ്റായി യൂട്യൂബിലും ചാനലുകളിലും ഓടി.
നേരേത്ത കണ്ട സിനിമയായിട്ടും സിനിമപ്രേമികള്‍ ഈ ചിത്രം വീണ്ടും വീണ്ടും കണ്ടു. എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രങ്ങളിലൊന്നായാണ് കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാലം’ വിശേഷിപ്പിക്കപ്പെടുന്നത്.തന്റെ ഹിറ്റ് സിനിമ അപ്രതീക്ഷിതമായി യാഥാര്‍ഥ്യമായല്ലോ എന്നും വര്‍ഷങ്ങള്‍ക്കിപ്പുറം അന്നുകിട്ടിയതിനയക്കാള്‍ കൈയടി ആ ചിത്രത്തിന് കിട്ടിയല്ലോ എന്നുമുള്ള കൗതുകത്തിലായിരുന്നു അന്ന് ജോർജ്ജ്.
ഇന്നലെയാണ് പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് (78) അന്തരിച്ചത്. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മൂന്നുവര്‍ഷം മുമ്പ് പക്ഷാഘാതം വന്നതിനെത്തുടര്‍ന്നുണ്ടായ ശാരീരിക അവശതകള്‍ മൂലം മുഴുസമയ വൈദ്യപരിചരണം കിട്ടാനാണ് ജോർജ്ജിനെ ഏജ്ഡ് ഹോമിലാക്കിയത്. ഇവിടെയാണെങ്കിലും താന്‍ ഹാപ്പിയാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിരുന്നു. ഇനിയും സിനിമ ചെയ്യണം എന്നുതന്നെയാണ് മോഹം. എത്ര സിനിമ ചെയ്താലും മതിയാവില്ലെന്നും ജോർജ്ജ് പറഞ്ഞിരുന്നു.
ജോർജ്ജ് ഓർമയാകുമ്പോൾ സിനിമയിൽ നവതരംഗത്തിന് വഴിതുറന്ന ഒരു സംവിധായകനെയാണ് മലയാളത്തിന് നഷ്ടമാകുന്നത്.