ദില്ലി: ക്യാഷ് ഓൺ ഡെലിവറി പേയ്‌മെന്റുകളിൽ 2,000 രൂപ നോട്ടുകൾ സെപ്റ്റംബർ 19 ചൊവ്വാഴ്ച, അതായത് ഇന്ന് മുതൽ സ്വീകരിക്കില്ലെന്ന് പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റഫോമായ ആമസോൺ. 2023 മെയ് 19-നണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. 2023 സെപ്തംബർ 30 വരെ ഇത് ഔദ്യോഗിക ടെൻഡർ ആയി തുടരും. എന്നാൽ ഇതിനു മുൻപ് തന്നെ 2000 രൂപ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓൺലൈൻ റീട്ടെയിലർ ആമസോൺ
“2023 സെപ്റ്റംബർ 19 മുതൽ ഞങ്ങൾ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്കോ ക്യാഷ് ലോഡുകൾക്കോ വേണ്ടി 2,000 കറൻസി നോട്ടുകൾ സ്വീകരിക്കില്ല’. ആമസോൺ വ്യക്തമാക്കി. മൂന്നാം കക്ഷി കൊറിയർ പങ്കാളി വഴിയാണ് ഡെലിവർ ചെയ്യുന്നതെങ്കിൽ, അത് സ്വന്തം നയങ്ങളെ മാത്രം ആശ്രയിച്ചിരിക്കുന്നു, എന്നും ആമസോൺ പറഞ്ഞു. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം 2023 സെപ്തംബർ 30 വരെ നൽകിയിട്ടുമുണ്ട്. ഈ കാലാവധി അവസാനിക്കാൻ ശേഷിക്കുന്നത് 10 ദിവസമാണ്.
നോട്ട് നിരോധനത്തിന്റെ ഫലമായി വിനിമയത്തിൽ നിന്ന് നീക്കം ചെയ്ത കറൻസിയുടെ മൂല്യം ഉടനടി മാറ്റിസ്ഥാപിക്കുക എന്നതായിരുന്നു 2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നു. ആ ലക്ഷ്യം കൈവരിച്ചതിനാലും മറ്റ് മൂല്യങ്ങളുടെ മതിയായ നോട്ടുകൾ ഇപ്പോൾ ഉള്ളതിനാലുമാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.