ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിനെ തുടര്‍ന്ന് സ്വതന്ത്രവ്യാപാരകരാറിലുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. രാഷ്ട്രീയവിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചര്‍ച്ചകള്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ അറിയിച്ചിരുന്നു. ഈ വര്‍ഷം ഉഭയകക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും അറിയിച്ച് മൂന്നുമാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.
”ഇന്ത്യ എതിര്‍പ്പു പ്രകടിപ്പിച്ച പലതരത്തിലുള്ള രാഷ്ട്രീയ വികാസങ്ങളാണ് കാനഡയിലുണ്ടാകുന്നത്. ഈ കാര്യങ്ങളില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പാണ് അറിയിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുന്നു” അധികൃതര്‍ അറിയിച്ചു.
ജി20 ഉച്ചകോടിക്കെതിരെ ഖലിസ്ഥാന്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദി, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അറിയിച്ചിരുന്നു. ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് നരേന്ദ്ര മോദി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം പോലെ വഷളായ അവസ്ഥയിലാണ് ഇന്ത്യ-കാനഡ ബന്ധമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.