KeralaNEWS

തെറ്റ് ചെയ്തില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നു; ഗ്രോ വാസുവിനെ കോടതി വെറുതെവിട്ടു

കോഴിക്കോട്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കരുളായി വനമേഖലയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ സംഘം ചേര്‍ന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസില്‍ വാദം പൂര്‍ത്തിയായിരുന്നു.

കേസില്‍ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോടതിയില്‍ മുദ്രാവാക്യം വിളിച്ചതിനാല്‍ ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പകരം ഓണ്‍ലൈനായാണ് കോടതി കേസ് പരിഗണിച്ചത്.

പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിന് വേണ്ടി പോരാടിയാണ് ഗ്രോ വാസു കേസില്‍ മുന്നോട്ട് പോയത്. കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികള്‍ അവസാനിപ്പിച്ചപ്പോള്‍ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടര്‍ന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കേസ് പരിഗണിച്ചപ്പോഴൊന്നും താന്‍ തെറ്റ് ചെയ്തില്ലെന്ന വാദത്തില്‍ നിന്ന് വാസു പിന്നോട്ട് പോയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വഴി തടസപ്പെടുത്തിയതില്‍ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു, മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: