
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എക്സ് പ്ലാറ്റ്ഫോമിലാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഇക്കാര്യം അറിയിച്ചത്.
”ചൈന ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കൈയ്യേറിയിട്ടും ‘ആരും വന്നിട്ടില്ല’ എന്നു മോദി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയാണോ? ഭരണഘടനയുടെ 19-ാം അനുഛേദ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാന്‍ പോവുകയാണ്. മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം മോദി സര്‍ക്കാര്‍ വെളിപ്പെടുത്തണം.” – സുബ്രഹ്‌മണ്യന്‍ സ്വാമി കുറിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്കെതിരെ അടുത്തിടെയായി രൂക്ഷ വിമര്‍ശനമാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഉയര്‍ത്തുന്നത്. മണിപ്പുര്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. വംശീയകലാപം ആളിക്കത്തിയ മണിപ്പുരില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായെ കായിക മന്ത്രാലയത്തിലേക്കു മാറ്റണമെന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം മണിപ്പുരിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കി അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി ആവശ്യപ്പെട്ടിരുന്നു.






