തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചുവെന്ന ദല്ലാള്‍ നന്ദകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണത്തിനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിനിടക്ക് നിസ്സാര കാര്യം പറയാന്‍ ഉദ്ദേശിക്കുന്നില്ല. ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ല. ഞങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദല്ലാള്‍ നന്തകുമാറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂരിന്റെ വാര്‍ത്താസമ്മേളനം.
‘മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഞങ്ങള്‍ക്കൊന്നും പറയാനില്ല. അവര്‍ പറഞ്ഞു തീര്‍ക്കട്ടെ. ഇനിയും പറയാനുണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കട്ടെ’-തിരുവഞ്ചൂര്‍ പറഞ്ഞു. ദല്ലാള്‍ നന്ദകുമാറിന്റെ യുഡിഎഫ് ആഭ്യന്തര മന്ത്രിമാര്‍ ഇടപെട്ടു എന്ന പരാമര്‍ശത്തില്‍ സംസാരിക്കാനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഏത് രൂപത്തിലാണ് നന്ദകുമാര്‍ പറയുന്നതെന്ന് അറിയില്ല. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ കുറിച്ച് പറയുമ്പോള്‍ പറഞ്ഞതായിരിക്കാം. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിന് ഇടക്ക് നിസ്സാര കാര്യം പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനെന്താണെന്ന് തനിക്കറിയാം, തന്നെ നാട്ടുകാര്‍ക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിരുന്നു എന്ന ആരോപണത്തിനുളള തിരുവഞ്ചൂരിന്റെ മറുപടി. പാര്‍ട്ടി ശത്രുക്കള്‍ക്ക് ആയുധം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍ അച്ചടക്കം ലംഘിക്കുന്നത് ശരിയല്ല. കെസി ജോസഫിനുള്ള മറുപടി പാര്‍ട്ടി വേദിയില്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നടപടി അനിശ്ചിതമായി നീളുന്നെങ്കില്‍ അപ്പോള്‍ പ്രതികരിക്കാം. കെസി ജോസഫ് പറഞ്ഞതിന്റെ ഗൗരവം കുറച്ച് കാണുന്നില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് ടി ജി നന്ദകുമാര്‍ പറഞ്ഞിരുന്നു. ഇതിനായി അവരുടെ ആളുകള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് നന്ദകുമാര്‍ പറഞ്ഞു. അവര്‍ കത്ത് വിഎസ് അച്ചുതാനന്ദനെ ഏല്‍പ്പിക്കണമെന്ന കാര്യം പറഞ്ഞു. കത്ത് സംഘടിപ്പിക്കാന്‍ വിഎസും പറഞ്ഞു. അതിന് ശേഷമാണ് ശരണ്യ മനോജിനെ കണ്ടതെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു. സോളാര്‍ കേസിലെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു നന്ദകുമാര്‍. എന്നാല്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് തിരുവഞ്ചൂര്‍.
”രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ സോളാര്‍ കേസ് ‘കത്തിച്ചു’; എല്‍ഡിഎഫ് അത് മുതലാക്കി”