KeralaNEWS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പി.കെ. ബിജു അന്വേഷണ കമ്മിഷന്‍ അംഗംതന്നെ

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷനില്‍ അംഗമായിരുന്നില്ലെന്ന മുന്‍ എം.പി. പി.കെ. ബിജുവിന്റെ വാദം തെറ്റാണെന്ന് തെളിയിച്ച് കരുവന്നൂര്‍ ബാങ്കിന്റെ മുന്‍ ഭരണസമിതിയംഗങ്ങളും.

പി.കെ. ബിജുവും പി.കെ. ഷാജനും അന്വേഷണം നടത്തി ബാങ്കിന്റെ ഭരണസമിതിയംഗങ്ങള്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തെന്ന് കാണിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് 2021 ജൂലായ് ആറിനയച്ച കത്താണ് പുറത്തുവിട്ടിരിക്കുന്നത്.

അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ഒരാഴ്ച അനുവദിച്ചുകൊണ്ടുള്ള കത്താണിത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയും സാമ്പത്തിക ക്രമക്കേടും സംബന്ധിച്ച് ജില്ലാ കമ്മിറ്റിക്ക് ലഭിച്ച പരാതി അന്വേഷിക്കാന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജന്‍ എന്നിവരെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തി.

സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിന്റെ സാന്നിധ്യത്തില്‍ 2021 ജൂണ്‍ 19-ന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം റിപ്പോര്‍ട്ട് അംഗീകരിച്ചു- എന്നാണ് കത്ത് ആരംഭിക്കുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയംഗങ്ങളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. ഇവരെല്ലാം പിന്നീട് കരുവന്നൂര്‍ കേസില്‍ പ്രതികളുമായി.

പി.കെ. ബിജു, പി.കെ. ഷാജന്‍ എന്നിവരെ അന്വേഷണക്കമ്മിഷനായി നിയമിക്കാനുള്ള 2019 ഡിസംബര്‍ 24-ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങളുടെ പകര്‍പ്പാണ് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: