KeralaNEWS

കോഴിക്കോട്ട് അടുത്തടുത്ത് 2 മരണം; നിപ്പ സംശയം, ഒരു കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട്: ജില്ലയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പനി ബാധിച്ചു രണ്ട് അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തും. രാവിലെ 10.30ന് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ആരോഗ്യവകുപ്പ് ഡയറക്ടറും കോഴിക്കോട്ടേക്കു തിരിച്ചു. രോഗം ബാധിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക ഉടന്‍ തയാറാക്കാനും തീരുമാനിച്ചു.

നഗരത്തിലെ സ്വകാര്യ ആശുപത്രില്‍ മരിച്ച രണ്ടു പേര്‍ക്ക് നിപ്പ സംശയിക്കുന്നതിനെ തുടര്‍ന്നാണ് ഇത്. ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു ലഭിച്ചതിനു ശേഷമേ നിപ്പയാണോ എന്ന സ്ഥിരീകരണം ലഭിക്കുകയുള്ളു. ആദ്യ രോഗി മരിച്ചത് ഓഗസ്റ്റ് മുപ്പതിനാണ്. അടുത്ത ആള്‍ ഇന്നലെയും ആദ്യരോഗി മരിച്ചപ്പോള്‍ സാംപിള്‍ നിപ്പ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.

നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച രണ്ട് പേര്‍ക്കും നിപ്പ ലക്ഷണങ്ങള്‍ ഉണ്ടായതാണ് പരിശോധനയ്ക്ക് കാരണം. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ ഒന്‍പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്.

നേരത്തെ രണ്ട് വട്ടം നിപ്പ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരുമടക്കം നിരീക്ഷണത്തിലാണ്. നിപ്പ ലക്ഷണങ്ങള്‍ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സര്‍ക്കാരിനെ അറിയിച്ചത്. തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആരോഗ്യ ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇന്ന് കോഴിക്കോട് എത്തും. മരുതോങ്കരയില്‍ ഇന്നലെ പനി സര്‍വേ നടത്തി.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: