CrimeNEWS

സഹോദരിമാരുടെ മരണം കൊലപാതകം; ക്രൂരകൃത്യം കവര്‍ച്ചാശ്രമത്തിനിടെ, മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു

പാലക്കാട്: ഷൊര്‍ണൂര്‍ കവളപ്പാറയില്‍ സഹോദരിമാരെ വീട്ടിലെ പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ട് കത്തിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ്. കവര്‍ച്ചശ്രമത്തിനിടെയാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു. പട്ടാമ്പി തൃത്താല മാട്ടായ സ്വദേശിയായ മണികണ്ഠനാണ് (48) കൊലപ്പെടുത്തിയതെന്നും ഇയാള്‍ കസ്റ്റഡിയിലാണെന്നും പോലീസ് വ്യക്തമാക്കി.

കവളപ്പാറ കാരക്കാട് നീലിമലക്കുന്നിന് സമീപം മുടിഞ്ഞാറേതില്‍ തങ്കം (71), സഹോദരി പദ്മിനി (72) എന്നിവരെയാണ് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യം. കവര്‍ന്ന സ്വര്‍ണാഭരണം മണികണ്ഠന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ പോലീസ് കണ്ടെത്തി. പദ്മിനിയുടെ മൂന്നുവളകള്‍, തങ്കത്തിന്റെ മാല എന്നിവയാണ് കണ്ടെടുത്തത്. പൊള്ളലേറ്റതും മറ്റുള്ള രീതിയില്‍ പരിക്കേല്പിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികവിവരം.

സംഭവസമയത്ത് വീട്ടില്‍നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച മണികണ്ഠനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചിരുന്നു. സഹോദരിമാരുടെ വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയിരുന്ന മണികണ്ഠന്‍ ഈ പരിചയം ഉപയോഗപ്പെടുത്തി വീട്ടിലെത്തുകയായിരുന്നു. സഹോദരിമാരുടെ വീടുകളില്‍ ഇടക്കിടെ എത്തുകയും സാമ്പത്തികസഹായം വാങ്ങുകയും ചെയ്തിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇരുവരുടെയും കൈവശം സ്വര്‍ണാഭരണങ്ങളുണ്ടെന്ന് കണ്ട മണികണ്ഠന്‍ ഇത് കവരാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഉച്ചയോടെ പദ്മിനിയുടെ വീട്ടില്‍ മണികണ്ഠനെത്തി മണിക്കൂറുകളോളം ഇവിടെ ചെലവഴിച്ചു. ഇതിനിടെ, സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചത് സഹോദരിമാര്‍ ചെറുക്കുകയും ചെയ്തു. വീടിനകത്തിരുന്ന വടികൊണ്ടും ഇരുമ്പുപൈപ്പുകൊണ്ടും മണികണ്ഠനെ ഇവര്‍ അക്രമിച്ചു. ഈ വടിയും ഇരുമ്പുപൈപ്പും മണികണ്ഠന്‍ പിടിച്ചുവാങ്ങി തിരിച്ചടിക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പിന്നീടാണ് ഗ്യാസ് സിലിന്‍ഡര്‍ തുറന്നുവിട്ട് കത്തിച്ചത്. പുക ഉയരുന്നതും നിലവിളിയും കേട്ട സമീപവാസിയായ സ്ത്രീ സംഭവം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

തൃത്താല പോലീസ് സ്റ്റേഷനില്‍ 2006-ല്‍ പ്രായമായ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മണികണ്ഠനെതിരേ ലൈംഗികാതിക്രമ കേസുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകീട്ട് ഏഴോടെയാണ് സഹോദരിമാരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. രണ്ട് മൃതദേഹവും ഷൊര്‍ണൂര്‍ നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: