IndiaNEWS

മണിപ്പുരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; പത്ത് മെയ്‌തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പുരില്‍ കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനെത്തിയ സായുധ സംഘടനകളും സുരക്ഷാ സൈനികരും തമ്മിലുള്ള വെടിവയ്പില്‍ പത്തോളം മെയ്‌തെയ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി സൂചന. ഒരു കുക്കി ഗ്രാമസംരക്ഷണ സേനാംഗം കൊല്ലപ്പെട്ടതായി കുക്കി സംഘടനകളും അറിയിച്ചു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി ജില്ലയായ തെഗ്‌നോപാലിലെ പലേല്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ മണിക്കൂറുകളോളം യുദ്ധസമാനമായ സാഹചര്യമുണ്ടായി.

മെയ്‌തെയ് തീവ്രസംഘടനകള്‍ക്കൊപ്പം നിരോധിത വാലിബേസ്ഡ് ഭീകരസംഘടനകളാണ് ആക്രമണമഴിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുക്കി ഗ്രാമങ്ങള്‍ സംരക്ഷിക്കാനായി അസം റൈഫിള്‍സും ബിഎസ്എഫും മണിക്കൂറുകളോളം പോരാടി. ഡല്‍ഹിയില്‍ ജി 20 സമ്മേളനം ആരംഭിക്കാനിരിക്കെ നടന്ന ആക്രമണം കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണെന്ന് ആരോപണമുണ്ട്.

Signature-ad

കുക്കി മേഖലകള്‍ മെയ്‌തെയ് ഗ്രൂപ്പുകള്‍ ആക്രമിക്കാന്‍ തുടങ്ങിയത് സംസ്ഥാനത്ത് വീണ്ടും വന്‍ കലാപത്തിന് കാരണമാകുകയാണ്. കഴിഞ്ഞ ദിവസം പതിനായിരത്തോളം വരുന്ന ജനക്കൂട്ടം ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലെ സൈനിക ചെക്‌പോസ്റ്റ് നീക്കം ചെയ്യാന്‍ എത്തിയിരുന്നു. സുരക്ഷാ സേന റബര്‍ ബുള്ളറ്റ് ഉപയോഗിച്ചതിനെത്തുടര്‍ന്ന് അന്‍പതിലധികം പേര്‍ക്ക് പരുക്കേറ്റു.

ഇതുവരെ കലാപം ഏറെയും ചുരാന്ദ്പുര്‍- ബിഷ്ണുപുര്‍ അതിര്‍ത്തിയിലായിരുന്നെങ്കില്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിപ്പട്ടണമായ മോറെ ഉള്‍പ്പെടുന്ന തെഗ്‌നോപാല്‍ പിടിച്ചടക്കാന്‍ മെയ്‌തെയ് തീവ്രസംഘടനകള്‍ ശ്രമിക്കുന്നത് ആദ്യമായാണ്.

 

Back to top button
error: