SportsTRENDING

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ചരിത്രം കുറിക്കാനുള്ള അവസരത്തിനരികെ അഫ്‌ഗാനിസ്ഥാൻ പൊരുതി വീണു; ശ്രീലങ്ക ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ

ലാഹോർ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ചരിത്രം കുറിക്കാനുള്ള അവസരത്തിനരികെ അഫ്‌ഗാനിസ്ഥാൻ പൊരുതി വീണു. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 292 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്‌ഗാൻ 37.4 ഓവറിൽ 289 റൺസിൽ പുറത്താവുകയായിരുന്നു. മധ്യനിരയുടെയും വാലറ്റത്തിൻറേയും വെടിക്കെട്ടിനൊടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു അഫ്‌ഗാൻ. സ്കോർ: ശ്രീലങ്ക- 291/8 (50), അഫ്‌ഗാൻ- 289 (37.4). ജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ബംഗ്ലാദേശിന് പിന്നാലെ ശ്രീലങ്ക സൂപ്പർ ഫോറിലെത്തിയപ്പോൾ അഫ്‌ഗാനിസ്ഥാൻ നാടകീയമായി പുറത്തായി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് ഓപ്പണർമാരായ പാതും നിസങ്കയും ദിമുത് കരുണരത്നെയും മികച്ച തുടക്കമാണ് നൽകിയത്. 35 പന്തിൽ 32 റൺസെടുത്ത കരുണരത്നെ ഇന്നിംഗ്‌സിലെ 11-ാം ഓവറിൽ മടങ്ങുമ്പോൾ ടീം സ്കോർ 63 ഉണ്ടായിരുന്നു. അധികം വൈകാതെ പാതും നിസങ്കയും(40 പന്തിൽ 41), സദീര സമരവിക്രമയും(8 പന്തിൽ 3) മടങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസും ചരിത് അസലങ്കയും ലങ്കയുടെ രക്ഷയ്‌ക്കെത്തി. അസലങ്ക 43 പന്തിൽ 36 ഉം ധനഞ്ജയ ഡിസിൽവ 19 പന്തിൽ 14 ഉം ക്യാപ്റ്റൻ ദാസുൻ ശനക 8 പന്തിൽ 5 ഉം റൺസെടുത്ത് പുറത്തായപ്പോൾ കുശാൽ മെൻഡിസ് സെഞ്ചുറിക്കരികെ പുറത്തായി. 84 പന്ത് നേരിട്ട മെൻഡിസ് ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 92 റൺസ് കണ്ടെത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച മഹീഷ തീക്ഷനയും(24 പന്തിൽ 28), ദുനിതും(39 പന്തിൽ 33*) ലങ്കയെ 50 ഓവറിൽ 291-8 എന്ന മോശമല്ലാത്ത സ്കോറിൽ എത്തിക്കുകയായിരുന്നു.

Signature-ad

മറുപടി ബാറ്റിംഗിൽ അഞ്ച് ഓവറിൽ 27 റൺസ് സ്കോർ ബോർഡിൽ ചേർക്കുന്നതിനിടെ രണ്ട് അഫ്‌ഗാനിസ്ഥാൻ ഓപ്പണർമാരെയും കാശുൻ രജിത പുറത്താക്കി. റഹ്‌മാനുള്ള ഗുർബാസ് 8 പന്തിൽ 4 ഉം ഇബ്രാഹിം സദ്രാൻ 14 പന്തിൽ 7 ഉം റൺസേ നേടിയുള്ളൂ. ഗുൽബാദിൻ നൈബ് 16 പന്തിൽ 22 റൺസുമായി മടങ്ങിയപ്പോൾ റഹ്‌മത്ത് ഷാ(40 പന്തിൽ 45), ക്യാപ്റ്റൻ ഹഷ‌്‌മത്തുള്ള ഷാഹിദി(66 പന്തിൽ 59), മുഹമ്മദ് നബി(32 പന്തിൽ 65), കരീം ജനത്(13 പന്തിൽ 22) എന്നിവരുടെ പ്രകടനം അഫ്‌ഗാന് പ്രതീക്ഷ നൽകി. അതിവേഗം സ്കോർ ചെയ്ത നബി 6 ഫോറും 5 സിക്‌സും പറത്തി. 33 ഓവറുകൾ പൂർത്തിയാകുമ്പോഴേക്ക് 7 വിക്കറ്റ് നഷ്‌ടമായെങ്കിലും 247 റൺസുണ്ടായിരുന്നു അഫ്‌ഗാന്. 17 ഓവറും മൂന്ന് വിക്കറ്റും കയ്യിലിരിക്കേ ജയിക്കാൻ വേണ്ടത് 45 റൺസ്. അവിടുന്നങ്ങോട്ട് വെടിക്കെട്ടുമായി നജീബുള്ള സദ്രാനും റാഷിദ് ഖാനും കുതിച്ചു.

ജയിക്കാൻ അഫ്‌ഗാന് 86 പന്തിൽ 16 റൺസ് മാത്രം മതിയെന്നിരിക്കേ നജീബുള്ളയെ(15 പന്തിൽ 23) രജിതയുടെ പന്തിൽ സബ്റ്റിറ്റ്യൂട്ട് ഫീൾഡർ ദുഷാൻ ഹേമന്ദ സൂപ്പർ ക്യാച്ചിൽ പറഞ്ഞയച്ചത് വഴിത്തിരിവായി. സൂപ്പർ ഫോറിലെത്താൻ അഫ്‌ഗാനിസ്ഥാന് നിർണായകമായ 38–ാം ഓവർ എറിഞ്ഞ ധനഞ്ജയ അഫ്‌ഗാൻറെ പ്രതീക്ഷകൾ എറിഞ്ഞിട്ടു. മുജീബുർ സദ്രാനും ഫസൽഹഖ് ഫറൂഖിയും അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോൾ 16 പന്തിൽ 27* റൺസുമായി റാഷിദ് ഖാൻ ഒരറ്റത്ത് നിരാശയോടെ നിൽപുണ്ടായിരുന്നു.

Back to top button
error: