മനാമ: ബഹ്‌റൈനിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയനെ(46) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുകിട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച മുതൽ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തത് കാരണം നാട്ടിൽ നിന്ന് ബന്ധുക്കൾ വിവരം ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷമത്തിൽ കടയുടെ ഷട്ടർ തുറന്ന നിലയിൽ ആയിരുന്നെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപവാസികൾ നിലവിലെ താമസസ്ഥലത്ത് നോക്കിയെങ്കിലും കണ്ടെത്താനായില്ല.
ഇതോടെ സ്‌പോൺസർ പൊലീസിൽ പരാതി നൽകി. പിന്നീട് ഇദ്ദേഹം മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്‌ലാറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണ്. ബഹ്‌റൈന് കേരള സോഷ്യൽ ഫോറം ഹെൽപ്പ് ലൈനും സ്‌പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നു.