CareersTRENDING

നോര്‍ക്കയുടെ പുതിയ ഒഇടി, ഐഇഎല്‍ടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നോർക്ക-എൻ.ഐ.എഫ്.എൽ പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ )അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്സ് സ്ഥാപനമായ തിരുവനന്തപുരം നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (NIFL)ആരംഭിക്കുന്ന പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ ) അപേക്ഷ ക്ഷണിച്ചു.

നഴ്സുമാർ ഉൾപ്പെടെയുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന യു.കെ, കാനഡ (ന്യൂഫോണ്ട്ലാന്റ്) കരിയർ ഫെസ്റ്റുകൾക്ക് മുന്നോടിയായാണ് പുതിയ ബാച്ച്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നോർക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയിൽ പ്രവർത്തിക്കുന്ന സെന്ററിൽ ഓഫ്‌ലൈൻ OET ക്ലാസുകളുടെ സമയം രാവിലെ 09 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷൻ 01 മണി മുതൽ മുതൽ 5.30 വരെയും ആയിരിക്കും. IELTS ഓഫ് ലൈൻ ബാച്ചുകളുടെ സമയം ഉച്ചകഴിഞ്ഞ് ഒരു മണിമുതൽ മൂന്നു മണിവരെയാണ്. കോഴ്‌സ് ദൈർഘ്യം 2 മാസമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക -റൂട്ട്സിന്റെയോ, എൻ.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദർശിച്ച് അപേക്ഷ നൽകാവുന്നതാണ്. ബി.പി.എൽ, എസ് .സി ,എസ്. ടി വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എ.പി.എൽ വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും.

യോഗ്യരായ അധ്യാപകർ, മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അധ്യാപക- വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയർ കണ്ടീഷൻഡ് ക്ലാസ് മുറികൾ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Back to top button
error: