തിരുവനന്തപുരം: ഖത്തറിലെ വ്യവസായിയായിരുന്ന അബ്ദുല്‍ സത്താറിന്റെ ഭാര്യയുമായി ഉണ്ടായിരുന്ന ബന്ധമാണ് റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ബന്ധമറിഞ്ഞ അബ്ദുല്‍ സത്താര്‍, രാജേഷിന് താക്കീത് നല്‍കിയെങ്കിലും ബന്ധം തുടര്‍ന്നു. തന്‍െ്‌റ കുടുംബം തകര്‍ന്നതോടെ സത്താര്‍, രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി. അബ്ദുള്‍ സത്താറിന്റെ ജിമ്മില്‍ പരിശീലകനായിരുന്ന മുഹമ്മദ് സാലിഹാണ് ഖത്തറില്‍ നിന്നെത്തി കൊലപാതകത്തിന് നേതൃത്വം നല്‍കിയത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് സാലിഹിനെയും മൂന്നാം പ്രതി അപ്പുണ്ണിയെയും ഇന്നു തിരുവനന്തപുരം അഡി.സെഷന്‍സ് കോടതി ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. ഒന്നാം പ്രതി അബ്ദുള്‍ സത്താറിനെ ഇതുവരെ ഖത്തറില്‍നിന്ന് കേരളത്തില്‍ എത്തിക്കാനായിട്ടില്ല.
രാജേഷ് കൊല്ലപ്പെടുമ്പോള്‍ ഭാര്യ രോഹിണി എട്ടു മാസം ഗര്‍ഭിണിയായിരുന്നു. രണ്ടു മക്കളോടൊപ്പം സ്വന്തം വീട്ടിലാണ് ഇപ്പോള്‍ രോഹിണിയുടെ താമസം. കടയില്‍ ജോലിക്കുപോകുന്നു. മൂത്തമകന്‍ അര്‍ജുന് പത്തു വയസ്സും ഇളയ മകള്‍ അവന്തികയ്ക്ക് അഞ്ച് വയസ്സും. രാജേഷിന്റെ അച്ഛന്‍ രാധാകൃഷ്ണക്കുറുപ്പ് തൊഴിലുറപ്പ് പദ്ധതിക്കും മറ്റു ജോലികള്‍ക്കും പോയാണ് കുടുംബം പുലര്‍ത്തുന്നത്. അഞ്ചു സെന്റിലെ ചെറിയ വീട്ടിലാണ് രാജേഷിന്റെ അച്ഛനും അമ്മയും കഴിയുന്നത്.
ഖത്തറില്‍ പത്തു മാസം ജോലി ചെയ്തശേഷം നാട്ടിലെത്തിയ രാജേഷ് വീടിനടുത്തുള്ള മടവൂര്‍ ജംക്ഷനില്‍ മെട്രാസ് റിക്കാര്‍ഡിങ് എന്ന പേരില്‍ സ്റ്റുഡിയോ തുടങ്ങിയിരുന്നു. രാത്രിയിലാണ് സ്റ്റുഡിയോയിലെത്തി റെക്കോര്‍ഡിങ് നടത്തിയിരുന്നത്. കൊലപാതകം നടന്നതിനു തലേദിവസം രാജേഷനു നാവായിക്കുളം മുല്ലനല്ലൂര്‍ ക്ഷേത്രത്തില്‍ പരിപാടിയുണ്ടായിരുന്നു. സാധാരണ ഗായക സംഘവുമായി മടങ്ങാറുള്ള രാജേഷ് രാത്രി ഒരു മണിയോടെ സഹഗായകന്‍ കുട്ടനുമൊത്ത് രണ്ടു ബൈക്കുകളിലായി വീട്ടിലേക്ക് മടങ്ങി.
2018 മാര്‍ച്ച് 27ന് രാത്രി 2.30നാണ് കൊലപാതകം നടന്നത്. സ്റ്റുഡിയോയിലെത്തിയ രാജേഷും സുഹൃത്ത് കുട്ടനും വീട്ടില്‍നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. ഇരുവരും സ്റ്റുഡിയോയിലിരിക്കേ ഒരു കാര്‍ സ്റ്റുഡിയോയുടെ മുന്നില്‍ നിര്‍ത്തിയശേഷം മുന്നോട്ടുപോയിട്ട് തിരികെ പള്ളിക്കല്‍ ഭാഗത്തേക്ക് ഓടിച്ചുപോയി. വീണ്ടും കാര്‍ മടങ്ങിവന്നു. ഇറങ്ങിയവര്‍ വാള്‍കൊണ്ട് കുട്ടനെ വെട്ടി. സ്റ്റുഡിയോയില്‍നിന്നും ഇറങ്ങിയോടിയ കുട്ടന്‍ സമീപത്തെ വീട്ടുകാരെ വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. മടങ്ങിയെത്തിയപ്പോള്‍ രാജേഷ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.
കൊലപാതകികള്‍ എത്തുമ്പോള്‍ രാജേഷ് അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. രാജേഷിന്റെ നിലവിളി ഫോണിലൂടെ കേട്ട യുവതിയാണ് നാട്ടിലുള്ള സുഹൃത്തിനെ വിവരമറിയിച്ച് പോലീസിനെ വിളിച്ചത്. പുതിയ ജോലിയില്‍ പ്രവേശിക്കുന്നതിനായി ചെന്നൈയില്‍ പോകുന്നതിന്റെ തലേദിവസമാണ് രാജേഷ് കൊല്ലപ്പെടുന്നത്. ചെന്നൈയില്‍ ജോലി ശരിയാക്കിയതും സത്താറിന്റെ ഭാര്യയായിരുന്നു.