ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്ക് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് 3 വര്‍ഷത്തിനിടെ മാസപ്പടിയായി 1.72 കോടി രൂപ ലഭിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. എന്ത് അടിസ്ഥാനത്തിലാണ് വീണയ്ക്ക് ഈ പണം ലഭിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ഇത് ‘വീണ സര്‍വീസ് ടാക്സ്’ ആണെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
”ഇന്ന് നമ്മള് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകള്‍, ‘വീണാ സര്‍വീസ് ടാക്സ്’ എന്ന പേരില്‍ പുതിയ തരം നികുതി ഏര്‍പ്പെടുത്തിയതു പോലെയാണ് വിവിധ കമ്പനികളില്‍നിന്നു പണം വാങ്ങുന്നത്” – രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. വിവിധ കമ്പനികള്‍ നിയമവിധേയമല്ലാത്ത പണം പിണറായി വിജയന്റെ മകളുടെ കമ്പനിയില്‍ നിക്ഷേപിച്ചതായും കേന്ദ്രമന്ത്രി ആരോപിച്ചു.
”2004-09 കാലഘട്ടത്തിലെ യുപിഎ ഭരണത്തില്‍ ഇടതു പാര്‍ട്ടികള്‍ക്ക് നിര്‍ണായക റോളുണ്ടായിരുന്നു. ഇക്കാലത്താണ് 2ജി, കല്‍ക്കരി പോലുള്ള വന്‍കിട അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. സോഫ്റ്റ്വെയറുമായും ടെക്നോളജിയുമായും പ്രത്യേകിച്ച് യാതൊരു ബന്ധവുമില്ലാത്ത സിഎംആര്‍എല്‍ പോലുള്ള കമ്പനികള്‍ എന്തിനാണ് വീണാ വിജയന്റെ കമ്പനിയില്‍ പണം നിക്ഷേപിക്കുന്നത്? പ്രതിപക്ഷ ഇന്ത്യ മുന്നണി രൂപീകരിച്ച ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും മറുപടി നല്‍കിയേ തീരൂ” -രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.