IndiaNEWS

സെന്തില്‍ ബാലാജിക്കു തിരിച്ചടി; അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിനഞ്ചു ദിവസത്തെ റിമാന്‍ഡ് കാലയളവിനു ശേഷം പൊലീസ് കസ്റ്റഡി അനുവദിക്കാനാവില്ലെന്ന വിഷയം വിശാല ബെഞ്ച് പരിഗണിക്കണമെന്നും ജസ്റ്റിസ് എഎസ് ബൊപ്പണ്ണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിക്കെതിരെയാണ് സെന്തില്‍ ബാലാജിയും ഭാര്യ മേഘലയും സുപ്രീം കോടതിയെ സമീപിച്ചത്. ജൂണ്‍ 14നാണ് പണം തട്ടിപ്പു കേസില്‍ ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷവും എംകെ സ്റ്റാലിന്‍ സര്‍ക്കാരില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുകയാണ് സെന്തില്‍ ബാലാജി. നിലവില്‍ പുഴല്‍ ജയിലിലാണ്. ഇഡി നടപടിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Signature-ad

അതിനിടെ, സെന്തില്‍ ബാലാജിയുടെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 22 ലക്ഷം രൂപയും 16.6 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ അടക്കമുള്ള അമൂല്യവസ്തുക്കളും 60 ബെനാമി സ്വത്തു രേഖകളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. ഡിണ്ടിഗലിലെ ഡിഎംകെ ഭാരവാഹിയായ വീരസ്വാമിനാഥന്റെ ബന്ധുക്കളില്‍ നിന്നാണു രേഖകളും പണവും പിടിച്ചത്. ഇയാള്‍ സെന്തിലിന്റെ ബെനാമിയാണെന്ന വിവരത്തെ തുടര്‍ന്നു വീരസ്വാമിനാഥന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു.

Back to top button
error: