CrimeNEWS

കര്‍ണാടക പോലീസ് കസ്റ്റഡിയില്‍; കൈക്കൂലിക്കേസില്‍ സി.ഐ അടക്കം നാലുപേര്‍ കളമശേരിയില്‍ പിടിയില്‍

കൊച്ചി: ക്രിപ്റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ ബംഗളൂരു പോലീസിലെ സിഐ അടക്കം നാലുപേരെ കസ്റ്റഡിയിലെടുത്ത് കളമശേരി പോലീസ്. ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതിയിലാണ് നടപടി.

വൈറ്റ്ഫീല്‍ഡ് സൈബര്‍ പോലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ നാലംഗ സംഘത്തെയാണ് കസ്റ്റഡിയിലെടുത്തത്. ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ബംഗളൂരു പോലീസ് കുമ്പളങ്ങി സ്വദേശികളായ രണ്ട് യുവാക്കളെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

Signature-ad

കേസില്‍ നിന്നൊഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടതായി യുവാക്കളുടെ കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. നാല് ലക്ഷം രൂപ കൈമാറിയെങ്കിലും മോചനത്തിന് കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബം ഡിസിപിക്ക് പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗരത്തില്‍ നിന്നാണ് സിഐ അടക്കമുള്ളവരെ പിടികൂടിയത്. ഇവരുടെ വാഹനത്തില്‍ നിന്ന് പണവും കണ്ടെത്തി. തുടര്‍ന്നാണ് കളമശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബംഗളൂരുവില്‍ കാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിന്റെ അന്വേഷണത്തിനാണ് ബംഗളൂരു പോലീസ് കേരളത്തിലെത്തിയത്. മലപ്പുറത്ത് നിന്ന് രണ്ട് പേരെയും സംഘം പിടികൂടിയിട്ടുണ്ട്.

Back to top button
error: