തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. ആലുവ തായിക്കാട്ടുകരയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കാണാതായ ബിഹാര്‍ സ്വദേശിയായ 5 വയസ്സുകാരിയെ ശനിയാഴ്ച രാവിലെയാണ് ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം.
സംഭവത്തില്‍ അസഫാക് ആലം എന്ന ഇതര സംസ്ഥാനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വിശദമായി ചോദ്യം ചെയ്തു തെളിവുകള്‍ ശേഖരിക്കാന്‍ അസഫാക്കിനെ ഇന്നലെ പോക്‌സോ കോടതി ജഡ്ജി കെ.സോമന്‍ 10 ദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ നല്‍കി. ആലുവ സബ് ജയിലില്‍ വെച്ച് അസഫാക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി. കേസില്‍ ദൃക്‌സാക്ഷികള്‍ ഇയാളെ തിരിച്ചറിഞ്ഞു. മാര്‍ക്കറ്റില്‍ വെച്ച് പ്രതിയെയും കുട്ടിയെയും കണ്ട തൊഴിലാളി താജുദ്ദീന്‍, പ്രതി സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസിലെ യാത്രക്കാരിയായ സ്ത്രീ തുടങ്ങിയവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അതേസമയം, അസഫാക് ആലം കൊടും ക്രിമിനലെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ മുമ്പ് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. ഈ കേസില്‍ ഗാസിയാബാദ് പോലീസാണ് ബിഹാര്‍ സ്വദേശിയായ അസഫാക് ആലത്തെ അറസ്റ്റു ചെയ്തത്. കേസില്‍ ഒരുമാസത്തോളം വിചാരണത്തടവുകാരനായിരുന്നു. ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് മുങ്ങുകയായിരുന്നു.