കൊച്ചി: അജ്ഞാത നമ്പറുകളില്‍ നിന്ന് അസഭ്യവര്‍ഷവും കൊലവിളിയും നടത്തുന്നുവെന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്. കഴിഞ്ഞ മൂന്ന് ദിവസമായി തന്റെ ഫോണിലേക്ക് വാട്‌സ്ആപ്പിലടക്കം അസഭ്യവര്‍ഷം നടത്തുന്നുവെന്നാരോപിച്ചാണ് നടന്റെ പരാതി. കാക്കനാട് സൈബര്‍ ക്രൈം പൊലീസ് ആണ് കേസെടുത്തത്. മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
വിദേശത്തുനിന്നടക്കം ഭീഷണി കോളുകള്‍ എത്തിയതോടെയാണ് സുരാജ് പരാതി നല്‍കിയത്. താരത്തിന്റെ ഫോണ്‍ നമ്പര്‍ ഫേയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധപ്പപ്പെടുത്തി തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തയാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് സൈബര്‍ ആക്രമണം തുടങ്ങിയത്.
അതേസമയം, കൊച്ചി പാലാരിവട്ടത്ത് അലക്ഷ്യമായി വാഹനമോടിച്ചതിന് സുരാജിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സുരാജ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് താരത്തിന്റെ കാര്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സില്‍ സുരാജ് പങ്കെടുക്കണമെന്ന് എംവിഡി അറിയിച്ചു.