തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്ത് വെച്ചാണ് തീപിടുത്തമുണ്ടായത്. വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കാനായതോടെ വന്‍ അപകടം ഒഴിവായി. ആര്‍ക്കും പരിക്കുകളില്ല. രാവിലെ എട്ടരയോടെയായിരുന്നു അപകടം.
ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിനാണ് തോന്നയ്ക്കലിനും മംഗലപുരത്തിനും ഇടയ്ക്കു വെച്ച് തീപിടിച്ചത്. ചെമ്പകമംഗലം ജംഗ്ഷനില്‍ എത്തിയപ്പോള്‍ ബസ് ബ്രേക്ക്ഡൗണായി. ഡ്രൈവര്‍ ബസില്‍ നിന്ന് പുറത്തിറങ്ങി വാഹനം പരിശോധിക്കുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് ബസ്സിനടിയില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഇതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരോട് പുറത്തിറങ്ങാനാവശ്യപ്പെടുകയായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സമയോചിതമായി പുറത്തിറക്കാനായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ആളുകള്‍ പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. ബസിന്റെ ഉള്‍വശം പൂര്‍ണമായും അഗ്‌നിക്കിരയായി.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ആറ്റിങ്ങില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സംഘമാണ് സ്ഥലത്തെത്തിയത്. പൂര്‍ണമായും കത്തിനശിച്ച ബസ് ദേശീയ പാതയില്‍ നിന്നു മാറ്റാനുള്ള ശ്രമത്തിലാണ്.