വയനാട്: മുട്ടില്‍ പഞ്ചായത്തിന്റെ ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് അംഗത്തിന് സി.പി.എം. മൂന്നുലക്ഷം രൂപ വാഗ്ദാനംചെയ്തതായി ആരോപണം. സി.പി.എമ്മില്‍ ചേര്‍ന്ന മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രനാണ് മുട്ടില്‍ പഞ്ചായത്തംഗം വിജയലക്ഷ്മിക്ക് പണം വാഗ്ദാനംചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബാലചന്ദ്രന്‍ വിജയലക്ഷ്മിയെ ഫോണില്‍ വിളിച്ചതിന്റെ ശബ്ദരേഖയും നേതാക്കള്‍ പുറത്തുവിട്ടു.
യു.ഡി.എഫിലെ ധാരണപ്രകാരം മുസ്ലിം ലീഗും കോണ്‍ഗ്രസും ഇവിടെ രണ്ടരവര്‍ഷം വീതം പ്രസിഡന്റ് പദവി പങ്കുവെക്കുകയാണ്. കോണ്‍ഗ്രസിന്റെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുമുമ്പാണ് ഫോണ്‍വിളി നടന്നത്. എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായാല്‍ വോട്ടുചെയ്ത് ജയിപ്പിക്കുമെന്നും ഒന്നേകാല്‍ വര്‍ഷം വിജയലക്ഷ്മിക്കും ബാക്കി നിഷ എന്ന മറ്റൊരു വാര്‍ഡ് മെമ്പര്‍ക്കും പങ്കിട്ടെടുക്കാമെന്നുമാണ് ശബ്ദരേഖയില്‍ ബാലചന്ദ്രന്‍ പറയുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കടമുണ്ടെങ്കില്‍ രണ്ടോ മൂന്നോ ലക്ഷംരൂപ സംഘടിപ്പിച്ചു തരാം. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആശങ്കവേണ്ടാ. അത് താന്‍ ശരിയാക്കിക്കൊള്ളും. എല്ലാ സംരക്ഷണവും നല്‍കും. ഭാവിയില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ചോദിക്കുന്ന സ്ഥലത്ത് സീറ്റുതരുമെന്നും ബാലചന്ദ്രന്‍ ഉറപ്പുനല്‍കുന്നുണ്ട്. ഒരു പഞ്ചായത്തുകൂടി ഇതുപോലെ താന്‍ മറിക്കുമെന്നുപറഞ്ഞാണ് ഫോണ്‍വിളി അവസാനിപ്പിക്കുന്നത്. ഓഫര്‍ സ്വീകരിച്ചില്ലെന്നു മാത്രമല്ല ഈ വിവരം താന്‍ അടുത്ത നിമിഷംതന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നും വിജയലക്ഷ്മി പറഞ്ഞു.
കോണ്‍ഗ്രസ് വിട്ടുപോയതിനുശേഷം മറ്റു പദവികളൊന്നും ലഭിക്കാത്തതിനാല്‍ ബാലചന്ദ്രന്‍ സി.പി.എമ്മിന്റെ പര്‍ച്ചേസിങ് ഏജന്റായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി. ജനറല്‍ സെക്രട്ടറി ബിനു തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പണവും സംരക്ഷണവും വാഗ്ദാനംചെയ്ത് ജില്ലയില്‍ യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തുകളില്‍ സി.പി.എം. ഭരണം അട്ടിമറിക്കാന്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബുവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, ഫോണ്‍ റെക്കോഡിലെ ശബ്ദം തന്റേതാണെന്നും ആരോപണം നിഷേധിക്കുന്നില്ലെന്നും പി.വി. ബാലചന്ദ്രന്‍ പ്രതികരിച്ചു. പറയാന്‍ ചില കാരണങ്ങളുണ്ട്. അത് തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരിക്കും. താന്‍ സി.പി.എമ്മിലെ ഒരു അംഗം മാത്രമാണ്. പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടല്ല, സ്വന്തം നിലയിലാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.