ഇടുക്കി ഉപ്പുകണ്ടം സ്വദേശി അരവിന്ദ് (32 വയസ്സ് ), കാക്കനാട് സ്വദേശിനിയും ഇപ്പോള്‍ പള്ളിക്കര – പിണര്‍ മുണ്ടയില്‍ താമസിക്കുകയും ചെയ്യുന്ന അഷ്ലി (24 വയസ്സ്) എന്നിവരാണ് എറണാകുളം എക്സൈസ് ഇന്റലിജൻസിന്റെയും, സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്ന് 18.55 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എഡിഎമ്മും, 15 എക്സ്റ്റസി പില്‍സും (1.246 ഗ്രാം) എക്സൈസ് പിടിച്ചെടുത്തു.എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് വൻ തോതില്‍ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലുള്ളവരാണ് ഇവര്‍.
ഒരിടവേളക്കു ശേഷമാണ് അതീവ വിനാശകാരിയ എക്സ്റ്റസി പില്‍സ് ഇത്രയുമധികം പിടിച്ചെടുക്കുന്നത്. എറണാകുളം ടൗണില്‍ വ്യത്യസ്ത ഇടങ്ങളില്‍ ഓണ്‍ലൈനായി മയക്ക് മരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍. ബാംഗ്ലൂരില്‍ നിന്നാണ് ഇരുവരും മയക്ക് മരുന്ന് എത്തിച്ചിരുന്നത്.
ഇടപ്പിള്ളിക്കടുത്ത് മരോട്ടിച്ചുവടില്‍ എ.വി ജോസഫ് ലൈനിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നത്.ഡോഗ് ട്രെയ്നര്‍ എന്ന വ്യാജേനയാണ് ഇരുവരും ഇവിടെ മുറിയെടുത്ത് താമസം തുടങ്ങിയത്. പകല്‍ സമയം മുഴുവൻ റൂമില്‍ കഴിയുന്ന ഇരുവരും രാത്രിയിലാണ് മയക്ക് മരുന്ന് കൈമാറ്റം ചെയ്തിരുന്നത്.