തിരുവനന്തപുരം: 25 കോടി ഒന്നാം സമ്മാനമായ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ആദ്യദിനം റെക്കോര്‍ഡ് വില്‍പ്പന. നാലരലക്ഷം ടിക്കറ്റുകളാണ് ഒന്നാം ദിവസം വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഒന്നാം ദിവസം ഒന്നരലക്ഷം ടിക്കറ്റുകള്‍ മാത്രം വിറ്റു പോയപ്പോഴാണ് ഇത്തവണ ഞെട്ടിക്കുന്ന വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തത്.
വ്യാഴാഴ്ച രാവിലെ മുതലാണ് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റിന്റെ വില്‍പ്പന ആരംഭിച്ചത്. 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്റെ വില. ആറുലക്ഷം ടിക്കറ്റുകളാണ് തുടക്കത്തില്‍ ജില്ലാ ഓഫീസുകളില്‍ എത്തിച്ചത്. ഇതില്‍ നാലരലക്ഷം ടിക്കറ്റുകളും വിറ്റുപോയ സ്ഥിതിക്ക് കൂടുതല്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയേക്കും. പരമാവധി 90 ലക്ഷം ടിക്കറ്റുകളോളം പുറത്തിറക്കാന്‍ ലോട്ടറി വകുപ്പിനാകും.
ഒന്നാം ദിവസം നാലരലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതിനാല്‍ ഇത്തവണ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും വിതരണക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന കുതിച്ചത്.
കഴിഞ്ഞവര്‍ഷം 67.50 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചപ്പോള്‍ 66.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി. എന്നാല്‍ ഇത്തവണ ഈ റെക്കോര്‍ഡുകള്‍ മറികടന്നേക്കുമെന്നാണ് നിലവിലെ ടിക്കറ്റ് വില്‍പ്പന സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ഇപ്രാവശ്യം കൂടുതല്‍ പേര്‍ക്ക് സമ്മാനം ലഭിക്കാന്‍ കഴിയുന്ന തരത്തിലാണ് സമ്മാനക്രമം. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍കുന്നത്.
ബമ്പര്‍ നേടുന്നയാള്‍ക്ക് 25 കോടി ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനം ലഭിക്കുന്ന 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 50 ലക്ഷം വീതം 20 പേര്‍ക്ക് മൂന്നാം സമ്മാനമായി ലഭിക്കും. ആയിരും രൂപവരെയുള്ള സമ്മാനങ്ങള്‍ക്ക് അര്‍ഹതരാകുന്നവരുടെ എണ്ണവും കൂട്ടി. കഴിഞ്ഞ വര്‍ഷം നല്‍കുന്ന സമ്മാനങ്ങളുടെ എണ്ണം 397911 ആയിരുന്നു. ഇത്തവണ 534670 ആയി ഉയര്‍ത്തി. ലോട്ടറി വില്‍പ്പനക്കാരുടെ കമ്മീഷനിലും വര്‍ധനയുണ്ട്. സെപ്റ്റംബര്‍ 20നാണ് തിരുവോണം ബമ്പര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്.