പട്ന: ബിഹാറില്‍ അധ്യാപകനെയും വിദ്യാര്‍ഥിനിയെയും മൂന്നംഗസംഘം വിവസ്ത്രരാക്കി മര്‍ദിച്ചു. ബിഹാറിലെ ബെഗുംസരായിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെയും അധ്യാപകനെയും മൂന്നംഗസംഘം പിടികൂടി മര്‍ദിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം, വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിന് അധ്യാപകനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, മൂന്നംഗസംഘം ഇരുവരെയും മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഏകദേശം 45 വയസ്സ് പ്രായമുള്ള സംഗീതാധ്യാപകനെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയുമാണ് മൂന്നംഗസംഘം തടഞ്ഞുവെച്ച് മര്‍ദിച്ചത്. ഇരുവരെയും വിവസ്ത്രരാക്കുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അധ്യാപകനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
അതേസമയം, ഇരുവരെയും മര്‍ദിച്ചവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും തെളിവായി ശേഖരിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും പോലീസ് പറഞ്ഞു. കേസന്വേഷണത്തിനായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.