KeralaNEWS

കൈക്കൂലി കേസുകള്‍ ആറുമാസത്തിനകം, അനധികൃത സ്വത്ത് സമ്പാദന കേസ് ഒരു വര്‍ഷത്തിനുള്ളില്‍; വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ ഏത് കേസിലും ഒരു വര്‍ഷത്തിന് മുകളില്‍ വിജിലന്‍സ് അന്വേഷണം നീളില്ല. വിവിധ കേസുകളില്‍ മൂന്നുമാസം മുതല്‍ ഒരുവര്‍ഷം വരെയാണ് സമയപരിധി നിശ്ചയിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്.

വിജിലന്‍സ് അന്വേഷണങ്ങള്‍ കാര്യക്ഷമമാക്കാനും കുറ്റപത്രം സമര്‍പ്പിക്കുന്നത് അടക്കമുള്ള കോടതി നടപടികള്‍ വേഗത്തിലാക്കാനുമാണ് അന്വേഷണങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ചത്. ഇനി മുതല്‍ ഏത് കേസുകളിലും പ്രാഥമിക അന്വേഷണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണം. അനധികൃത സ്വത്ത്സമ്പാദനവുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണം ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.

Signature-ad

ട്രാപ്പ് കേസുകള്‍ക്ക് ആറുമാസമാണ് സമയപരിധി നിശ്ചയിച്ചത്. മിന്നല്‍ പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥന്‍ ഒരുമാസത്തിനകം ശുപാര്‍ശകള്‍ നല്‍കണം. അന്വേഷണത്തിന് മുമ്പുള്ള രഹസ്യാന്വേഷണം ഒരുമാസത്തിനകം പൂര്‍ത്തിയാക്കണം. എല്ലാ കേസിലും അന്വേഷണം പൂര്‍ത്തിയാക്കി ഒരുവര്‍ഷത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.

വിജിലന്‍സ് അന്വേഷണങ്ങള്‍ അനന്തമായി നീളുന്നുവെന്ന് തുടര്‍ച്ചയായി ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍കൂടിയാണ് അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ച് തീരുമാനമായത്. ട്രാപ്പ് കേസുകളില്‍ അടക്കം കുടുങ്ങുന്ന ഉദ്യോഗസ്ഥര്‍ നിയമനടപടികളുടെ നൂലാമാലകള്‍ പഴുതാക്കി രക്ഷപ്പെടുന്നതും പതിവായിരുന്നു. അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചതോടെ കുറ്റപത്രം വൈകുന്നതുമൂലം പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതടക്കമുള്ള വീഴ്ചകള്‍ ഒഴിവാക്കാനും കഴിയും.

Back to top button
error: