പാലാ: നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ 73 വയസുള്ള സ്ത്രീക്ക് ശസ്ത്രക്രിയ ഇല്ലാതെ വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് ചികിത്സയിലൂടെ രോഗം മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം. തെക്കൻ കേരളത്തിൽ ആദ്യമായാണ് ഈ ചികിത്സ രീതിയിലൂടെ നടുവേദന മാറ്റുന്നതെന്നു ഡോക്ടർമാർ അറിയിച്ചു. 3 മാസമായി വിട്ടുമാറാത്ത നടുവേദനയെ തുടർന്നാണ് ഇവർ ചികിത്സ തേടി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയത്. ഡോക്ടർമാർ നടത്തിയ വിദഗ്ദ പരിശോധനയിൽ നട്ടെല്ലിന്റെ കശേരു ഒടിഞ്ഞു ശരീരം കൂനുന്നതായി കണ്ടെത്തി. 3 വർഷം മുമ്പ് മറ്റൊരു അപകടവും ഈ രോഗിക്കു സംഭവിച്ചിരുന്നു.
സാധാരണ ഈ വിധത്തിലുള്ള പരുക്കിന് ശസ്ത്രക്രിയയാണ് നിർദേശിക്കുന്നത്. രോഗിയുടെ പ്രായം പരിഗണിച്ചു ശസ്ത്രക്രിയക്ക് പകരമായി വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് രീതിയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഹൃദ്രോഗികൾക്ക് ഉപയോഗിക്കുന്ന മാതൃകയിൽ നട്ടെല്ലിൽ സ്റ്റെൻഡ് ഉപയോഗിച്ച ശേഷം ബോൺ സിമന്റ് ഉപയോഗിച്ചുള്ള ചികിത്സ രീതിയാണിത്. നൂതന ചികിത്സക്കു ശേഷം നട്ടെല്ല് പൂർവ സ്ഥിതിയിലാകുകയും വേദന പൂർണമായി മാറുകയും ചെയ്ത രോഗി അടുത്ത ദിവസം ഡിസ്ചാർജ് ആകുകയും ചെയ്തു. ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗത്തിലെ ഡോ. സുശാന്ത് സുബ്രഹ്മണ്യം , ഡോ. ശ്യാം ബാലസുബ്രഹ്മണ്യം , ഡോ. ടോം ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ.