ഗുവാഹത്തി: പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിട്ടതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ ഇന്ത്യ എന്നുള്ളത് ഭാരത് എന്ന് ചേര്‍ത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പഴയ ബയോയില്‍ ഹിമന്ത ബിശ്വ ശര്‍മ, അസം മുഖ്യമന്ത്രി, ഇന്ത്യ എന്നായിരുന്നു. ഇത് തിരുത്തി അസം മുഖ്യമന്ത്രി, ഭാരത് എന്നാക്കി മാറ്റി.
”നമ്മുടെ സാംസ്‌കാരിക സംഘര്‍ഷങ്ങള്‍ എന്നും ഇന്ത്യയേയും ഭാരതത്തെയും സംബന്ധിച്ചായിരുന്നു.ബ്രിട്ടീഷുകാര്‍ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കി മാറ്റി. കൊളോണിയല്‍ ആധിപത്യത്തിന്റെ അവശേഷിപ്പിക്കുകളില്‍ നിന്ന് സ്വയം മോചിപ്പിക്കാന്‍ നമ്മള്‍ പരിശ്രമിക്കണം. നമ്മുടെ പൂര്‍വികര്‍ ഭാരതത്തിനായാണ് പോരാടിയത്. ഭാരതത്തിനായി പ്രവര്‍ത്തിക്കുന്നത് ഞങ്ങളും തുടരും. ബി.ജെ.പി. ഭാരതത്തിനൊപ്പമാണ്.” ഹിമന്ത ട്വിറ്ററില്‍ കുറിച്ചു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. സഖ്യത്തെ നേരിടാനുള്ള പ്രതിപക്ഷ സഖ്യത്തിനാണ് ‘ഐ.എന്‍.ഡി.ഐ.എ’ എന്ന് പേരിട്ടത്. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
26 പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് ബെംഗളൂരുവിലെ യോഗത്തിനെത്തിയത്. എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.