IndiaNEWS

മണ്‍സൂണില്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്നില്ല; സ്‌കൂള്‍ ബോട്ട് സര്‍വീസുമായി ത്രിപുര

അഗര്‍ത്തല: സ്‌കൂള്‍ ബസ് എന്ന് നമ്മള്‍ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ വളരെ വ്യത്യസ്തമായ മാര്‍ഗവുമായി എത്തിയിരിക്കുകയാണ് ത്രിപുര സര്‍ക്കാര്‍. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലത്ത്. അത് എന്താണ് എന്നല്ലേ? സ്‌കൂള്‍ ബോട്ട്!

ഗുമതി ജില്ലയിലെ ഡംബൂര്‍ തടാകത്തിലുള്ള ദ്വീപുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ സൗജന്യമായി എത്തിക്കുന്നതിന് വേണ്ടിയാണ് ത്രിപുര സ്‌കൂള്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്‌മെന്റ് ഞായറാഴ്ച ‘സ്‌കൂള്‍ ബോട്ട്’ സര്‍വീസ് ആരംഭിച്ചത്. നേരത്തെയും ഡംബൂര്‍ തടാകത്തില്‍ ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു എങ്കിലും പാവപ്പെട്ട കുട്ടികള്‍ക്ക് ആ ഫീസ് താങ്ങാനോ ദിനംപ്രതി ആ ബോട്ടിന് സ്‌കൂളില്‍ എത്താനോ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇങ്ങനെ ഒരു സൗജന്യ ബോട്ട് സര്‍വീസ് തുടങ്ങിയിരിക്കുന്നത്.

Signature-ad

മണ്‍സൂണിലാണ് എങ്കില്‍ കാര്യങ്ങള്‍ വളരെ അധികം അവതാളത്തിലാവും. കുട്ടികള്‍ക്ക് തടാകവും മറ്റും കടന്ന് സ്‌കൂളില്‍ പോവുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമായി മാറുകയാണ് പതിവ്. അങ്ങനെയാണ് ഇവിടെ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബോട്ട് സര്‍വീസ് ആരംഭിച്ചത്. ഇതുവഴി ഫീസിനെ കുറിച്ച് ആകുലപ്പെടാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ദിവസവും സ്‌കൂളിലെത്താം എന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

”ദക്മുറ ഗുമതി സീനിയര്‍ ബേസിക് സ്‌കൂളില്‍ തന്നെ 100 വിദ്യാര്‍ത്ഥികളുണ്ട്, എന്നാല്‍ യാത്രാ തടസ്സം കാരണം ഹാജര്‍ വളരെ കുറവാണ്. ഡംബൂര്‍ തടാകത്തിലെ വിവിധ ദ്വീപുകളില്‍ നിന്ന് മാത്രം അമ്പതോളം വിദ്യാര്‍ത്ഥികള്‍ വരുന്നുണ്ടാവും. ബോട്ടിന്റെ ഫീസ് ഇവര്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അവര്‍ പലപ്പോഴും സ്‌കൂളില്‍ എത്താറില്ല” -എന്നാണ് സമഗ്ര ശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ (എസ്പിഡി) ചാന്ദ്നി ചന്ദ്രന്‍ പിടിഐയോട് പറഞ്ഞത്. സൗജന്യമായി ബോട്ട് വന്നതോടെ വിദ്യാര്‍ത്ഥികള്‍ കൃത്യമായി സ്‌കൂളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

Back to top button
error: