തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജമനാട് സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു.
പാര്‍ട്ടി നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ നിസ്സഹകരണം അതിരുകടക്കുന്നെന്ന വികാരവും നേതൃത്വത്തില്‍ ശക്തം. ഇക്കാര്യത്തില്‍ എന്തു വേണമെന്ന ചര്‍ച്ച വൈകാതെ ഉണ്ടാകും.
വെള്ളിയാഴ്ച തിരുവനന്തപുരത്തു നടന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാതിരുന്ന ഇ.പി.ജയരാജന്‍, തൊട്ടടുത്ത ദിവസം ഡിവൈഎഫ്‌ഐ മേഖലാ പരിപാടിക്കായി കണ്ണൂരില്‍നിന്നു തിരുവനന്തപുരത്ത് എത്തി. രണ്ടാഴ്ചയിലേറെയായി സിപിഎം നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കോഴിക്കോട്ടെ പൊതുവ്യക്തിനിയമ സെമിനാര്‍ ദിവസം അതോടെ വിവാദത്തില്‍ മുങ്ങി.
എല്‍ഡിഎഫ് ഘടകകക്ഷികളെല്ലാം പങ്കെടുക്കുന്ന ആ സെമിനാറില്‍ മുന്നണി കണ്‍വീനര്‍ക്ക് ഇടമുണ്ടായില്ല. പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിക്കുക കൂടി ചെയ്തതോടെ പുറത്തു വന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ നീരസം. സെമിനാറിനെ ഗൗനിക്കാതെ കോഴിക്കോട് കടന്ന് തിരുവനന്തപുരത്ത് എത്തിയ ഇപി ഡിവൈഎഫ്‌ഐയുടെ പരിപാടിക്ക് അതിലും വലിയ പ്രാധാന്യം സ്വയം കല്‍പിച്ചു.
അതേസമയം, സെമിനാറില്‍ താന്‍ പങ്കെടുത്തില്ലെന്നു വാര്‍ത്ത നല്‍കുന്നവര്‍ സെമിനാറിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ഇ.പി.ജയരാജന്‍ പ്രതികരിച്ചു. സെമിനാറില്‍ താന്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചത് വാര്‍ത്ത എഴുതുന്നവരാണ്. എന്നിട്ട് പങ്കെടുക്കുന്നില്ലെന്നും അവര്‍ തന്നെ പറഞ്ഞു. ഇന്നലെ വരെ താന്‍ ആയുര്‍വേദ ചികിത്സയിലായിരുന്നുവെന്നും ജയരാജന്‍ വ്യക്തമാക്കി. ഡിവൈഎഫ്‌ഐ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴാണ്, സെമിനാറിലെ തന്റെ അസാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജയരാജന്‍ പ്രതികരിച്ചത്.
പൊതുവ്യക്തി നിയമത്തിനെതിരെയുള്ള പ്രചാരണ പരിപാടികള്‍ തീരുമാനിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. ചികിത്സാര്‍ഥമുള്ള അവധിയാണ് കാരണം പറഞ്ഞത്. സെമിനാറില്‍ എല്‍ഡിഎഫിലെ ആരെയെല്ലാം ക്ഷണിക്കണം എന്നതു സംബന്ധിച്ച കൂടിയാലോചനകളിലും കണ്‍വീനര്‍ ഉണ്ടായിരുന്നില്ല. ഇതുകൊണ്ടെല്ലാം തന്നെ ജയരാജനെ സെമിനാറിലേക്ക് പാര്‍ട്ടി നേതൃത്വം പ്രത്യേകമായി ക്ഷണിച്ചുമില്ല. ചികിത്സ മൂലം പാര്‍ട്ടി യോഗങ്ങളില്‍ പോലും പങ്കെടുക്കാതിരിക്കുന്ന നേതാവിനെ എങ്ങനെ പൊതുപരിപാടിക്കു വിളിക്കുമെന്ന ന്യായമാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നത്.
എന്നാല്‍, തലേന്നു നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാതെ, സെമിനാര്‍ ദിവസം തലസ്ഥാനത്തെത്തി വാര്‍ത്ത സൃഷ്ടിച്ചത് നിഷ്‌കളങ്കമായി നേതാക്കള്‍ കരുതുന്നില്ല. പാര്‍ട്ടിയില്‍ ജൂനിയറായ എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായി ഉയര്‍ന്നതു മുതല്‍ നേതൃത്വവുമായി ശീതസമരത്തിലാണ് ഇപി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ യാത്രയില്‍ മലബാര്‍ മേഖലയിലാകെ ജയരാജന്‍ വിട്ടുനിന്നു. പാര്‍ട്ടി കമ്മിറ്റികളിലും പങ്കെടുക്കാതായി. ഏപ്രില്‍ അഞ്ചിനാണ് അവസാനമായി എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. 22നു നിശ്ചയിച്ചിരിക്കുന്ന അടുത്ത യോഗത്തില്‍ ജയരാജന്‍ പങ്കെടുക്കുമോ എന്നു വ്യക്തമല്ല.