IndiaNEWS

തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം പതിനെട്ടോളം രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു; രാജസ്ഥാനിലെ സവായ് മാൻ സിംഗ് ആശുപത്രിയിൽ സംഘർഷം

ജയ്പൂർ:തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം പതിനെട്ടോളം രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു എന്ന പരാതിയുമായി രോഗികളും ബന്ധുക്കളും രംഗത്തെത്തിയതോടെ രാജസ്ഥാനിലെ സവായ് മാൻ സിംഗ് (എസ്‌എംഎസ്) ആശുപത്രിയിൽ സംഘർഷം.
രാജസ്ഥാനിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന, ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയാണ് എസ്‌എംഎസ് ആശുപത്രി. രാജസ്ഥാൻ സര്‍ക്കാരിന്‍റെ കീഴിലുള്ള ചിരഞ്ജീവി ഹെല്‍ത്ത് സ്കീമിന്‍റെ ഭാഗമായി ഇവിടെ വച്ച്‌ നടത്തിയ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി ആളുകൾ രംഗത്തെത്തിയത്.
ഒന്നിന് പിറകെ ഒന്നായി രോഗികള്‍ പരാതിയുമായി എത്തിയതോടെ ആശുപത്രിയിൽ സംഘർഷം രൂപപ്പെടുകയായിരുന്നു.പലര്‍ക്കും വീണ്ടും ശസ്ത്രക്രിയ നടത്തിയതായാണ് സൂചന. പലരും അസഹനീയമായ കണ്ണ് വേദനയെ തുടര്‍ന്നും ആശുപത്രിയിലെത്തി. ഇവരില്‍ ചിലര്‍ക്ക് മൂന്നാമത്തെ തവണ വരെ ശസ്ത്രക്രിയ നടത്തിയെന്നും പരാതിയുണ്ട്. എങ്കിലും ആര്‍ക്കും പോസിറ്റീവായ ഫലം കിട്ടിയില്ല.

അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രി അധികൃതര്‍  പറയുന്നത്. പക്ഷേ സംഭവം വിവാദമായതോടെ തങ്ങള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അറിയിച്ചു.ആശുപത്രിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നതോടെ ഇവിടെ നൂറുകണക്കിന് പോലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്.

Back to top button
error: