IndiaNEWS

പാകിസ്ഥാനിലേക്ക് മടക്കി അയക്കരുത്, അവര്‍ കല്ലെറിഞ്ഞ് കൊല്ലും; യോഗിയോട് അഭ്യര്‍ഥനയുമായി ‘പബ്ജി കാമുകനൊപ്പം’ ഇന്ത്യയിലെത്തിയ യുവതി

ലഖ്‌നൗ: മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയിലേക്ക് എത്തിയതിന് അറസ്റ്റിലായ പാക് യുവതി തന്നെ മടക്കി അയക്കരുതെന്ന് അപേക്ഷിച്ച് രംഗത്ത്. ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനൊപ്പം അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ പാകിസ്ഥാന്‍ യുവതി സീമ ഹൈദര്‍ ഇന്നലെ രാവിലെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

ദേശീയ മാധ്യമമായ ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് സീമ തന്നെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടത്. തന്നെ സച്ചിനൊപ്പം ഇന്ത്യയില്‍ തന്നെ തുടരാന്‍ ദയവായി അനുവദിക്കണം. നിങ്ങള്‍ ഒരുപക്ഷെ തന്നെ പാകിസ്ഥാനിലേക്ക് മടക്കി അയച്ചാല്‍ അവര്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകുന്നതിലും ഭേദം ഇവിടെ തന്നെ കിടന്നുമരിക്കുകയാണെന്നും സീമ പറഞ്ഞു.

Signature-ad

ജൂലൈ നാലിനാണ് സീമയേയും കാമുകന്‍ സച്ചിനേയും ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. കുട്ടികള്‍ക്കൊപ്പമാണ് ഇവര്‍ പാകിസ്ഥാനില്‍ നിന്നും എത്തിയത്. വിവാഹം കഴിക്കുന്നതിനായി ഇവര്‍ ഒരു അഭിഭാഷകനെ സമീപിച്ചതിനെത്തുടര്‍ന്ന് അവര്‍ പാകിസ്ഥാനില്‍ നിന്നുള്ള അനധികൃത യാത്രയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. പിന്നാലെ തന്നെ സച്ചിന്റെ പിതാവും അറസ്റ്റിലായിരുന്നു. മൂന്ന് പേരേയും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയായിരുന്നു.

തന്റെ ഭാര്യയേയും മക്കളെയും പാകിസ്ഥാനിലേക്ക് തിരിച്ചയക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ച് സീമയുടെ ഭര്‍ത്താവ് ഗുലാം ഹൈദര്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പബ്ജി കളിയിലൂടെ പ്രലോഭിപ്പിച്ചാണ് തന്റെ ഭാര്യയെ ഇന്ത്യയിലേക്ക് എത്തിച്ചത് എന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, ഭര്‍ത്താവിന്റെ അവകാശവാദങ്ങളെല്ലാം സീമ നിഷേധിച്ചു.

തന്റെ ഭര്‍ത്താവ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റാണെന്നും അയാള്‍ തന്നെ തുടര്‍ച്ചയായി ഉപദ്രവിച്ചിരുന്നതായും സീമ മാധ്യമങ്ങളോട് പറഞ്ഞു. ”അയാള്‍ എന്നും എന്നെ മര്‍ദ്ദിക്കുമായിരുന്നു അതിന് പുറമെ, മുഖത്ത് മുളകുപൊടി എറിഞ്ഞു പോലും ഉപദ്രവിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഗുലാമിനൊപ്പമല്ല താമസം” -അവര്‍ പറഞ്ഞു.

സീമയും കുട്ടികളും സച്ചിനൊപ്പം

സച്ചിന്‍ തന്റെ നാല് മക്കളെയും ദത്തെടുത്തിട്ടുണ്ടെന്നും സച്ചിനൊപ്പം നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സച്ചിന്‍ തന്നെ ഹിന്ദി പഠിപ്പിച്ചതായും ബോളിവുഡ് സിനിമകള്‍ കണ്ട് ഇന്ത്യയെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ നേരത്തെ തന്നെ പഠിച്ചതായും സീമ പറഞ്ഞു. അത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായും സീമ സൂചിപ്പിച്ചു.

2019ലാണ് പബ്ജി വഴി ഇരുവരും തമ്മില്‍ പരിജയപ്പെടുന്നത്. പിന്നീട്, കൊവിഡിന് ശേഷം അന്താരാഷ്ട്ര യാത്രാ വിലക്കുകള്‍ അവസാനിച്ചതിന് പിന്നാലെ 2023 മാര്‍ച്ച് മാസത്തില്‍ ഇരുവരും നേപ്പാളിലേക്ക് പോകുകയായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഇരുവരും ഇവിടെ വച്ചാണ് പരസ്പരം കാണുന്നത്. അവിടെ ഏഴ് ദിവസത്തോളം ചിലവഴിച്ചതിന് ശേഷം ഒന്നിച്ച് ജീവിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.

ഒരു ട്രാവല്‍ ഏജന്റിന്റെ സഹായത്തോടെ സീമ തന്റെ നാല് മക്കള്‍ക്കൊപ്പം പാകിസ്ഥാനില്‍ നിന്നും നേപ്പാളിലേക്ക് എത്തുകയും അവിടെ നിന്നും ബസ് മാര്‍ഗം ഇന്ത്യയിലേക്ക് എത്തുകയുമായിരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ എത്തി സച്ചിന്റെ സഹായത്തോടെയാണ് താമസിച്ചു വന്നിരുന്നത്. ഇവിടെ വച്ച് കുടുംബാഗങ്ങളെ പരിജയപ്പെടുത്തുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, ഇവരുടെ പദ്ധതികള്‍ പൊളിഞ്ഞത് വിവാഹസംബന്ധമായി ഒരു അഭിഭാഷകനെ കണ്ടതോടെയാണ്. പാകിസ്ഥാനി വംശജയാണെന്ന് കണ്ടെത്തിയതോടെ ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റുണ്ടായത്.

 

 

Back to top button
error: