ന്യൂഡല്‍ഹി: പോലീസിന്റെ വെടിയേറ്റ് ആഫ്രിക്കന്‍ വംശജന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട കലാപം തുടരുന്നതിനിടെ, സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി ബിജെപി നേതാവ് അനില്‍ ആന്റണിയുടെ ട്വീറ്റ്. ഫ്രാന്‍സിലെ പ്രക്ഷോഭവും ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമവും തമ്മില്‍ താരതമ്യം ചെയ്തുള്ള അനിലിന്റെ ട്വീറ്റാണ് ചര്‍ച്ചയായത്.
ഫ്രാന്‍സില്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ വളരെ സങ്കടമുണ്ടെന്നും കാര്യങ്ങള്‍ എത്രയും വേഗം നിയന്ത്രണവിധേയമാകുമെന്നാണ് കരുതുന്നതെന്നും അനില്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ അടുത്ത സുഹൃത്താണ് ഫ്രാന്‍സെന്നും, അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അനില്‍ ആന്റണി ചൂണ്ടിക്കാട്ടി. ഇതിനു ശേഷമാണ് അദ്ദേഹം സിഎഎയുമായി ഇതിനെ താരതമ്യം ചെയ്തത്.
”നരേന്ദ്ര മോദി ജിയുടെയും അമിത് ഷാ ജിയുടെയും ഇന്ത്യന്‍ സര്‍ക്കാരിന്റെയും ദീര്‍ഘവീക്ഷണം ഓര്‍ത്തെടുക്കാന്‍ പറ്റിയ സമയമാണ് ഇത്. പ്രതിപക്ഷ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങാതെ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യ തയാറാക്കി. മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തില്‍ ഇന്ത്യ പൂര്‍ണമായും ഉറച്ചുനിന്നു. അല്ലെങ്കില്‍ നിക്ഷിപ്ത താല്പര്യമുള്ള നുഴഞ്ഞുകയറ്റക്കാര്‍ ഇത് തീര്‍ച്ചയായും ദുരുപയോഗം ചെയ്യുമായിരുന്നു.’ അനില്‍ ആന്റണി ട്വീറ്റ് ചെയ്തു.
അതേസമയം, ഫ്രാന്‍സില്‍ ഉടലെടുത്ത പ്രക്ഷോഭം ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് 1311 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് വാഹനം ഓടിച്ചിരുന്ന നയെലിന് വെടിയേറ്റത്. നയെലിനെ വെടിവച്ച പോലീസുകാരനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രക്ഷോഭകര്‍ അടങ്ങിയില്ല.
മാഴ്സെ, ലിയോണ്‍, ടുലൂസ്, സ്ട്രാസ്ബുര്‍ഗ്, ലിലെ നഗരങ്ങളില്‍ തുടര്‍ച്ചയായ നാലാം രാത്രിയിലും ശക്തമായ പ്രക്ഷോഭം നടന്നു. മാഴ്സെയില്‍ പ്രക്ഷോഭകര്‍ തോക്കു വില്പനശാലയില് നിന്ന് തോക്കുകള്‍ കൊണ്ടുപോയി. ലിയോണ്‍ നഗരത്തില്‍ പോലീസ് കവചിത വാഹനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടയാണ് പ്രക്ഷോഭകരെ നേരിട്ടത്. നഗരങ്ങള്‍ പലയിടത്തും കത്തിയെരിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കാണാമായിരുന്നു.