KeralaNEWS

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇദ്ദേഹത്തോട് ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് ഇന്ന് പൊലീസിന് അൻസിൽ ജലീൽ നൽകിയ മൊഴി. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടു.

ഇന്ന് രാവിലെ അഭിഭാഷകനൊപ്പമാണ് അൻസിൽ ജലീൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. കേസിൽ രണ്ട് ആഴ്ചത്തേക്ക് അൻസിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ ഇന്ന് തന്നെ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശം നൽകിയതാണ്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്താതെയാണ് അൻസിൽ ജലീലിനെ വിട്ടയച്ചത്. കേരള സർവകലാശാല രജിസ്ട്രാറാണ് അൻസിലിന്റെ സർട്ടിഫിക്കറ്റമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.

അൻസിൽ ജലീലിന്‍റേതെന്ന പേരിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് പൊതു സമൂഹത്തിന് മുന്നിൽ ഉണ്ടെങ്കിലും ഇതുപയോഗിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കിയതായി വെളിവായിട്ടില്ലെന്നായിരുന്നു മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഏതെങ്കിലും സമിതിക്ക് മുന്നിൽ ഇത് സമർപ്പിച്ചതായി അറിവില്ലെന്നും കോടതി നിരീക്ഷിച്ചു.

കായംകുളത്തെ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിൻറെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനൊപ്പമാണ് അൻസിൽ ജലീലിന്റെ സർട്ടിഫിക്കറ്റ് വിവാദം ചർച്ചയായത്. ദേശാഭിമാനി വാർത്തയോടെ എസ്എഫ്ഐ വിവാദം ശക്തമായി ഉന്നയിക്കുകയായിരുന്നു. സെനറ്റ് അംഗം അജിന്ത് സർവ്വകലാശാലക്ക് പരാതി നൽകിയിരുന്നു. അൻസിലിന്റെ പേരിലുള്ള സർട്ടിഫിക്കറ്റിൽ സർവകലാശാലയുടെ സീലും എംബ്ലവും വിസിയുടെ ഒപ്പും വ്യാജമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

ആലപ്പുഴ എസ് ഡി കോളേജിൽ 2014-17 കാലത്ത് താൻ ബിഎക്കാണ് പഠിച്ചതെന്നാണ് അൻസിൽ ജലീലിന്റെ വാദം. ദേശാഭിമാനി വാർത്ത വന്നതിന് പിന്നാലെ ഇതേക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിയും ദേശാഭിമാനിക്കെതിരെ വക്കീൽ നോട്ടീസും അയച്ചു. അൻസിലിൻറെ സർട്ടിഫിക്കറ്റ് വിവാദത്തിൽ കെഎസ്‌യുവിലെ ഗ്രൂപ്പ് പോരടക്കമുണ്ടോ എന്നും സംശയമുണ്ട്.

Back to top button
error: