കൊച്ചി: വരാപ്പുഴയില്‍ പാലം നിര്‍മ്മാണത്തിനിടെ പൈലിംഗ് നടത്തിയ ഭാഗം ഇടിഞ്ഞു താണതോടെ നിര്‍മ്മാണം നിറുത്തിവച്ചു. ദേശീയപാത 66 നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരാപ്പുഴയില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിനായി സ്ഥാപിച്ച പൈലുകളില്‍ ഒന്നാണ് ഇരുന്ന് പോയത്.
പാലത്തിന്റെ രണ്ടാമത്തെ കാലുകള്‍ക്കായി സ്ഥാപിച്ച നാല് പൈലിംഗ് ഭാഗങ്ങളില്‍ ഒരെണ്ണം താഴേക്ക് ഇരുന്ന് പോയതായി കണ്ടെത്തുകയായിരുന്നു. സംഭവിച്ച അപാകത പരിഹരിക്കാതെ താഴേക്ക് ഇരുന്ന പൈലിന് മുകളില്‍ പൈല്‍ ക്യാപ് നിര്‍മിക്കാനുള്ള കരാര്‍ കമ്പനിയിലെ തൊഴിലാളികളുടെ ശ്രമം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.
വിവരം അറിഞ്ഞെത്തിയ സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി അംഗം വി.പി. ഡെന്നിയുടെ നേതൃത്വത്തില്‍ കരാര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി. പൈലിന് സംഭവിച്ച അപാകത പരിഹരിക്കാതെ നിര്‍മ്മാണം തുടരാനാകില്ലെന്ന നേതാക്കളുടെ നിര്‍ദ്ദേശം കമ്പനി അധികൃതര്‍ അംഗീകരിച്ചു. പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതായി വി.പി. ഡെന്നി പറഞ്ഞു.