CrimeNEWS

തട്ടിക്കൊണ്ടുപോകല്‍ കേസ്; 30 വര്‍ഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകല്‍ കേസില്‍ 30 വര്‍ഷമായി വിദേശത്തും നാട്ടിലുമായി ഒളിവിലായിരുന്ന പ്രതിയെ വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടക്കര കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി വീട്ടില്‍ അബ്ദു എന്നുവിളിക്കുന്ന അബ്ദുള്‍ റഹ്‌മാന്‍ (52) ആണു പിടിയിലായത്. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടം ഭാഗത്തെ ഒളിത്താവളത്തില്‍ നിന്നായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

വിദേശജോലിക്കു വിസ തരപ്പെടുത്തി കിട്ടുന്നതിനായി പണവും പാസ്പോര്‍ട്ടും വാങ്ങിയശേഷം നല്‍കാതെയിരുന്ന പെരുന്തല്‍മണ്ണ സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയതിനാണ് അബ്ദുള്‍റഹ്‌മാനെതിരേ കേസെടുത്തത്.

Signature-ad

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയവെ ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോവുകയായിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം മലപ്പുറം രാമനാട്ടുകരയിലുള്ള വീടും സ്ഥലവും വിറ്റ് നിലമ്പൂര്‍ എടക്കര ഭാഗത്തു താമസമാക്കി. പിന്നീട് കോടതിയില്‍ ഹാജരാകാതെ വിദേശത്തുപോയി. ഒട്ടേറെത്തവണ കോടതിയില്‍ ഹാജരാകാന്‍ പ്രതിക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 1997-ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

വിദേശജോലിക്കു വിസ തരപ്പെടുത്തി കിട്ടാന്‍ അബ്ദുള്‍ റഹ്‌മാനില്‍നിന്നും മറ്റു കൂട്ടുപ്രതികളില്‍ നിന്നും പണവും പാസ്പോര്‍ട്ടും വാങ്ങിയശേഷം വിജയകുമാര്‍ സ്ഥലം വിട്ടിരുന്നു. പിന്നീട് ഇയാളെ കണ്ടെത്തുകയും അബ്ദുറഹ്‌മാനും സംഘവും തട്ടിക്കൊണ്ടുവന്നു കൊല്ലകടവിലുള്ള ലോഡ്ജില്‍ തടങ്കലില്‍ െവക്കുകയും ചെയ്തു. അവിടെ വെച്ച് വിജയകുമാര്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് 1993-ല്‍ ആണ് വെണ്‍മണി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. വിദേശത്തു നിന്നെത്തിയശേഷം തിരുവല്ലം, വണ്ടിത്തടം ഭാഗത്ത് അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കിടയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ഇതിനിടയില്‍ ഇയാളുടെ ഒളിസങ്കേതത്തെക്കുറിച്ച് വെണ്‍മണി പോലീസിനു വിവരം ലഭിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ഒളിത്താവളത്തില്‍നിന്നു പ്രതിയെ പിടികൂടിയത്.

Back to top button
error: