
കൊച്ചി: കേന്ദ്രമന്ത്രി അമിത് ഷാ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നെടുമ്പാശേരിയില്‍ ചര്‍ച്ച നടത്തി. കൊച്ചിയില്‍ അമൃത ആശുപത്രിയിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിമാനത്താവളത്തിന് സമീപമുള്ള മാരിയറ്റ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച്ച. മണിപ്പൂരിലെ സംഘര്‍ഷത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടതനുസരിച്ചാണ് സിബിസിഐ പ്രസിഡന്റ് കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ചക്ക് വേദിയൊരുക്കിയതെന്നാണ് സൂചന. അരമണിക്കൂറോളം അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച.
കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും അമൃത പുരിയിലും കൊച്ചിയിലും തുടങ്ങുന്ന ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തിനാണ് അമിത് ഷാ കേരളത്തിലെത്തിയത്. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 കോടി രൂപയുടെ സൗജന്യ ചികിത്സ സഹായ പദ്ധതി നടപ്പാക്കും എന്ന് അമൃത ആശുപത്രി അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, കൃഷി മന്ത്രി പി പ്രസാദ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നരേന്ദ്ര മോദി സര്‍ക്കാരിനായി എന്ന് പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. പല പദ്ധതികള്‍ വഴി ചികിത്സാ സഹായങ്ങള്‍ വര്‍ധിപ്പിച്ചെന്നും മെഡിക്കല്‍ കോളേജുകളുടെ എണ്ണം 648 ആയതോടെ രാജ്യത്ത് മെഡിക്കല്‍ സീറ്റുകളുടെ എണ്ണവും കൂട്ടാനായി. കൊവിഡ് കാലത്ത് രാജ്യം നടത്തിയ വാക്സിനേഷന്‍ യജ്ഞം ലോകത്തിന് മാതൃക ആയെന്നും അമിത് ഷാ കൊച്ചിയില്‍ പറഞ്ഞു.






