‘സ്‌കൂള്‍ ഫോര്‍ സെയില്‍!’ സ്വന്തം പള്ളിക്കൂടം വില്‍ക്കാന്‍ ശ്രമിച്ച് വിദ്യാര്‍ഥികള്‍
വീടുകളും മറ്റും എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റുകള്‍ ഉപയോഗിക്കാറുണ്ട്. അത്തരത്തില്‍ ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റായ Zillowല്‍ സ്‌കൂള്‍ വില്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. യു എസിലെ മേരിലാന്‍ഡിലെ മീഡ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അവര്‍ പഠിക്കുന്ന സ്‌കൂള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. 34ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്‌കൂള്‍ വില്‍ക്കാന്‍ ഉണ്ടെന്ന് പറഞ്ഞ് വെബ്സൈറ്റില്‍ പരസ്യം ചെയ്തത്.
സ്‌കൂളിന് ‘അര്‍ദ്ധ തടവറ’ എന്ന വിശേഷണവും അവര്‍ നല്‍കി. ‘ഈ അര്‍ദ്ധ തടവറ വില്‍പ്പനയ്ക്ക്. 12,458 ചതുരശ്ര അടിയുണ്ട്. 20കിടപ്പുമുറികള്‍, 15കുളിമുറികള്‍, വിശാലമായ അടുക്കള, ഒരു സ്വകാര്യ ബാസ്‌കറ്റ്ബാള്‍ കോര്‍ട്ട്’ എന്നിങ്ങനെയുള്ള സവിശേഷതകള്‍ പറയുന്ന ഒരു കുറിപ്പും ചിത്രത്തോടൊപ്പം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്‌കൂളിന് യഥാര്‍ത്ഥത്തില്‍ 384,824 ചതുരശ്ര അടിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
‘ബ്രൂക്ക്‌സ് ഡുബോസ്’ എന്നയാളാണ് വെബ്സൈറ്റില്‍ വന്ന പരസ്യം ട്വിറ്റര്‍ അക്കൗണ്ടില്‍ ചൂണ്ടിക്കാട്ടിയത്. ഈ പരസ്യം സീനിയര്‍ വിദ്യാര്‍ത്ഥികളുടെ തമാശയായി കാണുന്നുവെന്ന് അടിക്കുറിപ്പുമുണ്ട്. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്.